ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെ ടി-20 മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. നിന്‍ജാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിത്. മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്.
നവംബര്‍ ആറിന് ഓസീസിനെതിരെയുള്ള നാലാം മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. ഇതോടെ ഒരു സൂപ്പര്‍ മൈല്‍ സ്റ്റോണിലെത്താനുള്ള സഞ്ജുവിന്റെ അവസരവും മങ്ങുകയാണ്.
ഇനി വെറും അഞ്ച് റണ്‍സ് നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാമത് താരമാകാനും സഞ്ജുവിന് സാധിക്കും.
വിരാട് കോഹ്ലി – 4188
സൂര്യകുമാര്‍ യാദവ് – 2710
കെ.എല്‍. രാഹുല്‍ – 2265
ഹര്‍ദിക് പാണ്ഡ്യ – 1860
ശിഖര്‍ ധവാന്‍ – 1759
എം.എസ്. ധോണി – 1617
സുരേഷ് റെയ്ന – 1605
റിഷബ് പന്ത് – 1209
യുവരാജ് സിങ് – 1177
ശ്രേയസ് അയ്യര്‍ – 1104
Jithesh
സഞ്ജു സാംസണ്‍ – 995
നിലവില്‍ ടി-20യില്‍ 43 ഇന്നിങ്‌സില്‍ നിന്ന് 995 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 25.5 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 147.4 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കൂടാതെ മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടാന്‍ സഞ്ജുവിന് സാധിച്ചു.
അതേസമയം ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി-20യില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ പുറത്തായതോടെ വണ്‍ഡൗണ്‍ ബാറ്ററായി സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാല്‍ നാല് പന്തില്‍ രണ്ട് റണ്‍സ് നേടി നഥാന്‍ എല്ലിസിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യുവില്‍ പുറത്താകുകയായിരുന്നു സഞ്ജു.