| Friday, 7th November 2025, 7:57 pm

തൊട്ടരികെ സ്വപ്‌നനേട്ടം; പരാജയപ്പെട്ട ജിതേഷിനെ വീണ്ടും പരീക്ഷിച്ചാല്‍ കാത്തിരിപ്പ് ഇനിയുമേറെ നീളും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ഗാബയാണ് വേദി. നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ പരമ്പരയില്‍ 2-1ന് മുമ്പിലാണ്. അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം, പരമ്പര സമനിലയിലെങ്കിലുമെത്തിക്കാന്‍ ആതിഥേയര്‍ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല.

ബാറ്റിങ് യൂണിറ്റ് പൂര്‍ണമായും ഫോമിലേക്കുയരാത്തതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ക്യാപ്റ്റനും തിലക് വര്‍മയുമടക്കമുള്ള പ്രധാന താരങ്ങള്‍ക്കൊന്നും തന്നെ അവസരത്തിനൊത്ത് ഉയരാനോ മികച്ച പ്രകടനം പുറത്തെടുക്കാനോ സാധിച്ചിട്ടില്ല. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാകട്ടെ കളിക്കുന്നത് ടി-20 ഫോര്‍മാറ്റാണെന്ന കാര്യം പലപ്പോഴും മറന്നു പോകുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും തിളങ്ങേണ്ടതുണ്ട്. മധ്യനിരയിലേക്ക് മാറിയ സഞ്ജുവിന് പരമ്പരയില്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. രണ്ടാം ടി-20യില്‍ ബാക്കിയുള്ള ബാറ്റര്‍മാര്‍ക്കൊപ്പം സഞ്ജുവും പാടെ നിരാശനാക്കി.

സഞ്ജുവിന് പകരമെത്തിയ ജിതേഷ് ശര്‍മയ്ക്കും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ ഇന്ത്യ ആരെ അഞ്ചാം ടി-20യില്‍ കളിപ്പിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സഞ്ജുവിന് നറുക്കുവീണാല്‍ തന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ല് താരം പിന്നിട്ടേക്കും. അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് എന്ന നേട്ടത്തിലേക്കാണ് മലയാളി താരം കണ്ണുവെക്കുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും അഞ്ച് റണ്‍സും.

42 ഇന്നിങ്‌സില്‍ നിന്നും 25.51 ശരാശരിയിലും 147.40 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം വീശുന്നത്. മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു തന്റെ പേരിലെഴുതിച്ചേര്‍ത്തിട്ടുണ്ട്.

ഗാബയില്‍ അഞ്ച് റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഈ ചരിത്ര നേട്ടം കുറിക്കുന്ന 12ാം ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെടും.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്‌ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, അഭിഷേക് ശര്‍മ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാത്യു ഷോര്‍ട്ട്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഘ, മിച്ചല്‍ ഓവന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയ്‌നിസ്, ജോഷ് ഫിലിപ്പ്, ഷോണ്‍ അബോട്ട്, മാത്യു കുന്‍മാന്‍, ജോഷ് ഹേസല്‍വുഡ്, ബെന്‍ ഡ്വാര്‍ഷിയസ്.

Content Highlight: Sanju Samson need 5 runs to complete 1,000 T20I Runs

We use cookies to give you the best possible experience. Learn more