സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെ വീഴ്ത്തി കേരളം സൂപ്പര്‍ ലീഗ് റൗണ്ടിലേക്ക് മുന്നേറിയിരിക്കുകയാണ്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനാണ് സഞ്ജു സാംസണും സംഘവും വിജയിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 268 റണ്‍സാണ് എതിരാളികള്‍ക്ക് നേരെ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ പ്രദേശിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടാനേ സാധിച്ചുള്ളു.
മത്സരത്തില്‍ മുഹമ്മദ് അസറുദ്ദീന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് കേരളം കൂറ്റന്‍ സ്കോറിലെത്തിയത്. 57 പന്തില്‍ 101 റണ്‍സ് നേടിയാണ് താരം കളം വിട്ടത്. എട്ട് ഫോറും ആറ് സിക്സും ഉള്‍പ്പെടെയാണ് താരം കേരളത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 177.19 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
കേരളത്തിനായി 44 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിളങ്ങിയത്. 21 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് സഞ്ജു 44 റണ്‍സ് നേടിയത്. 209.52 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ്.
സഞ്ജു സാംസണ്
മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ചരിത്രത്തിലെ ഒരു വമ്പന്‍ റെക്കോഡിനടുത്ത് എത്തിയിരിക്കുകയാണ് സഞ്ജു. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ കിങ് വിരാട് കോഹ്ലിയെ മറികടക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ള അവസരം. നിലവില്‍ 371 മത്സരത്തിലെ 354 ഇന്നിങ്സില്‍ നിന്ന് 455 സിക്സറുകളാണ് സഞ്ജു നേടിയത്.
വിരാട് കോഹ്ലി 430 മത്സരങ്ങളിലെ 413 ഇന്നിങ്സില്‍ നിന്ന് 460 സിക്സറാണ് നേടിയത്. സയ്യിദ് മുഷ്താഖിലെ അടുത്ത മത്സരത്തില്‍ അഞ്ച് സിക്സര്‍ നേടാന്‍ സാധിച്ചാല്‍ ഈ റെക്കോഡില്‍ വിരാടിനെ വെട്ടാന്‍ സഞ്ജുവിന് സാധിക്കും.
റെക്കോഡ് ലിസ്റ്റില്‍ ഒന്നാമതുള്ളത് ഹിറ്റ്മാന് രോഹിത് ശര്‍മയാണ്. 568 സിക്സറാണ് രോഹിത്തിന്റെ പേരിലുള്ളത്. വിരാടിനെ മറികടക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടി-20 സിക്സര്‍ നേടുന്ന രണ്ടാമത്തെ താരമാകാനും സാധിക്കും.
അതേസമയം മത്സരത്തില്‍ 16 പന്തില്‍ രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടെ 35 റണ്‍സ് നേടിയ രോഹന് കുന്നുമ്മലും തിളങ്ങി. വിഷ്ണു വിനോദ് 11 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ സല്മാന് നിസാര്‍ 26* റണ്‍സും അബ്ദുള്‍ ബാസിത് 24* റണ്‍സും നേടി പുറത്താകാതെ നിന്നു.
സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ ആദ്യ മത്സരം വിദര്‍ഭയോടാണ്. നവംബര്‍ 30ന് വി.സി.എ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ സഞ്ജു സാംസണ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Sanju Samson Need 5 More Sixes To Achieve Great Record In Indian T-20 History