| Friday, 3rd April 2026, 9:49 am

ചെന്നൈയില്‍ തന്റെ ആദ്യ റെക്കോഡിനൊരുങ്ങി സഞ്ജു; ചെപ്പോക്കില്‍ ഇന്ന് സിക്‌സര്‍ മഴ!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ചൈന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി തിരിച്ചുവരാനാണ് ലക്ഷ്യം വെക്കുന്നത്. അതേസമയം തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യം വെച്ചാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്.

ചെന്നൈ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി സൂപ്പര്‍ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണിന്റെ പ്രകടനമാണ്. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയ ആദ്യ മത്സരത്തില്‍ ആറ് റണ്‍സ് മാത്രമായാരുന്നു സഞ്ജുവിന് നേടാന്‍ സാധിച്ചത്. എന്നാല്‍ ടീമിന്റെ ഹോം ഗ്രൗണ്ടില്‍ സഞ്ജു മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

മാത്രമല്ല മത്സരത്തില്‍ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണും സഞ്ജുവിനെ കാത്തിരിക്കുന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ 400 സിക്‌സര്‍ പൂര്‍ത്തിയാക്കാനാണ് സഞ്ജുവിനുള്ള അവസരം. ഇതിനായി ഇനി വെറും നാല് സിക്‌സര്‍ മാത്രം സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നാല്‍ മതി.

മത്സരത്തില്‍ സഞ്ജു സിക്‌സര്‍ മഴ പെയ്യിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ ശേഷം സഞ്ജു സ്വന്തമാക്കുന്ന ആദ്യ റെക്കോഡും ഇതുതന്നെയാകും. നിലവില്‍ 396 സിക്‌സറും 706 ഫോറുമാണ് സഞ്ജുവിന്റെ പേരില്‍ ടി-20യിലുള്ളത്.

ടി-20 ഫോര്‍മാറ്റില്‍ ഇതുവരെ 314 ഇന്നിങ്‌സില്‍ നിന്ന് 8406 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 30.34 എന്ന ആവറേജുമാണ് താരത്തിനുള്ളത്. 138.46 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ടി-20 ക്രിക്കറ്റില്‍ ആറ് സെഞ്ച്വറികളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 54 അര്‍ധ സെഞ്ച്വറികളും താരം നേടി.

Content Highlight: Sanju Samson Need 4 Sixes To Great Record Achievement In T-20

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more