2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കായുള്ള ഒരുക്കത്തിലാണ് കേരളം. കേരളത്തിന്റെ ആദ്യ മത്സരം വിദർഭയോടാണ്. നവംബർ 30ന് വി.സി.എ സ്‌റ്റേഡിയത്തിലാണ് മത്സരം. മികച്ച ഫോമിലാണ് സഞ്ജു സാംസണിന്റെ കീഴിൽ കേരളം മുന്നേറിക്കൊണ്ടിരിക്കുന്നത്.
സൂപ്പർലീഗിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സഹതാരങ്ങൾക്ക് വേണ്ടി തന്റെ ഓപ്പണിങ് പൊസിഷൻ വിട്ടു നൽകിയാണ് സഞ്ജു ടൂർണമെന്റിൽ ഇതുവരെ ബാറ്റ് ചെയ്തത്. മൂന്നാം നമ്പറിലും നാലാം നമ്പറിലും ഏഴാം നമ്പറിലും വരെ പല മത്സരങ്ങളിലും സഞ്ജു ബാറ്റ് വീശി.
വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ടി-20യിൽ ഒരു ചരിത്രനേട്ടം സ്വന്തമാക്കാൻ സാധിക്കും. ടി-20യിൽ 9500 റൺസ് പൂർത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതിനായി 26 റൺസ് മാത്രമാണ് കേരളം ക്യാപ്റ്റന് വേണ്ടത്.
ഇന്ത്യൻ താരങ്ങളിൽ വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ് എന്നിവർ മാത്രമാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയിട്ടുള്ളൂ. 24 റൺസ് കൂടി നേടിയാൽ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി മാറാൻ സഞ്ജുവിന് സാധിക്കും.
ഇതിനോടകം തന്നെ 371 ടി-20 മത്സരങ്ങളിൽ നിന്നും 9474 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും 60 അർധ സെഞ്ച്വറികളുമാണ് സഞ്ജു ഈ ഫോർമാറ്റിൽ സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
ടി-20യിൽ ഇന്ത്യ, രാജസ്ഥാൻ റോയൽസ്, ദൽഹി, ചെന്നൈ സൂപ്പർ കിങ്‌സ്, കേരളം എന്നീ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങിയാണ് സഞ്ജു ഇത്രയധികം റൺസ് അടിച്ചുകൂട്ടിയത്.
അതേസമയം ചരിത്രത്തിൽ ഇതുവരെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തിയിട്ടില്ല. ഇത്തവണ സഞ്ജുവിന്റെ ചിറകിലേറി കേരളം കന്നി കിരീടം സ്വന്തമാക്കുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
Content Highlight: Sanju Samson need 24 runs to create a new record in T20