അഫ്ഗാനിസ്ഥാന്‍-ഇന്ത്യ ടി-20 പരമ്പരയിലെ അവസാന മത്സരം നാളെ (സെപ്റ്റംബര്‍ 17) ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. നിലവില്‍ 2-0ന് മുന്നിലുള്ള ഇന്ത്യ, മൂന്നാമത്തെയും അവസാനത്തെയും മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരനാണ് ലക്ഷ്യമിടുന്നത്.
മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. നാളെ കളത്തിലിറങ്ങുമ്പോള്‍ സൂപ്പര്‍ താരം സ്വന്തമാക്കാന്‍ പോകുന്ന റെക്കോഡാണ് ഇതിന് പ്രധാനകാരണം.
ടി-20 ഫോര്‍മാറ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് സഞ്ജുവിനുള്ള അവസരം. ഇതിനായി വെറും 23 റണ്‍സ് മാത്രമാണ് സഞ്ജുവിന് വേണ്ടത്. 350 മത്സരങ്ങളിലെ 333 ഇന്നിങ്സുകളില്‍ നിന്ന് 8977 റണ്‍സാണ് നിലവില്‍ താരം സ്വന്തമാക്കിയത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 140.09 എന്ന സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.
ആദ്യമത്സരത്തില്‍ വെറും 10 മാത്രം വഴങ്ങി കളംവിടേണ്ടിവന്നപ്പോള്‍ ഏറെ വിമര്‍ശനം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ വമ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഏഴ് ഫോറും നാല് സിക്‌സുകളും ഉള്‍പ്പെടെ 57 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. വരാന്‍ പോവുന്ന മത്സരത്തില്‍ സഞ്ജുവില്‍ നിന്ന് വീണ്ടും ഒരു തകര്‍പ്പന്‍ ഇന്നിങ്സാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം അഫ്ഗാനിസ്ഥാനെതിരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ രണ്ടാമത്തെ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.