| Tuesday, 14th October 2025, 8:41 pm

കേരളത്തിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റില്‍ കരിയര്‍ തന്നെ തിരുത്തിക്കുറിക്കാന്‍ സഞ്ജു; ആദ്യ മത്സരത്തില്‍ തന്നെ വേണ്ടത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ആഘോഷങ്ങള്‍ക്ക് വീണ്ടും തിരി തെളിയാന്‍ ഇനി കേവലം മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. നാളെ (ഒക്ടോബര്‍ 15) രാവിലെ 9.30ന് പല വേദികളിലായി 19 വിവിധ മത്സരങ്ങളോടെ ഇന്ത്യന്‍ ഡൊമസ്റ്റിക് സര്‍ക്യൂട്ട് വീണ്ടും സജീവമാവുകയാണ്.

ഗ്രൂപ്പ് ഘട്ടത്തിലായി 16 മത്സരങ്ങളിലും പ്ലേറ്റ് ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും അരങ്ങേറും.

ഗ്രൂപ്പ് ബി-യിലാണ് ഇത്തവണ കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. കര്‍ണാടകയും സൗരാഷ്ട്രയും അടക്കമുള്ള കരുത്തര്‍ ഗ്രൂപ്പിലുണ്ട്.

സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കേരള സ്‌ക്വാഡിന്റെ ഭാഗമാണ്. നാളെ നടക്കുന്ന മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു കളത്തിലിറങ്ങും.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയുടെ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതിനാല്‍ കര്‍ണാടകയ്‌ക്കെതിരെയടക്കമുള്ള അടുത്ത മത്സരങ്ങള്‍ സഞ്ജുവിന് നഷ്ടപ്പെട്ടേക്കും.

എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ കരിയറിലെ സുപ്രധാന നേട്ടത്തിലെത്താനുള്ള അവസരവും സഞ്ജുവിന് മുമ്പിലുണ്ട്. 4,000 ഫസ്റ്റ് ക്ലാസ് റണ്‍സെന്ന നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ ഇതിനോടകം തന്നെ സഞ്ജു ഈ മൈല്‍സ്‌റ്റോണ്‍ പിന്നിട്ടിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 107 ഇന്നിങ്‌സില്‍ നിന്നും 39.12 ശരാശരിയില്‍ 3,834 റണ്‍സാണ് സഞ്ജു നേടിയത്. 11 സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതാണ് ഫസ്റ്റ് ക്ലാസില്‍ സഞ്ജുവിന്റെ പ്രകടനം.

വരും മത്സരങ്ങളില്‍ നിന്നായി 166 റണ്‍സ് നേടാനായാല്‍ സഞ്ജുവിന് 4,000 ഫസ്റ്റ് ക്ലാസ് റണ്‍സെന്ന നേട്ടത്തിലെത്താം.

മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ താരം ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി തിരിക്കും. ഏറ്റവും ചുരുങ്ങിയത് മൂന്ന് മത്സരങ്ങള്‍ ഇതോടെ താരത്തിന് നഷ്ടപ്പെടും. തിരിച്ചെത്തിയ ശേഷവും ഈ റെക്കോഡ് നേടാന്‍ സഞ്ജുവിന് അവസരമുണ്ടെങ്കിലും മഹാരാഷ്ട്രയ്‌ക്കെതിരെ താരം ഈ റെക്കോഡ് സ്വന്തമാക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പഞ്ചാബിനോടും ഉത്തര്‍പ്രദേശിനോടും വിജയിച്ചപ്പോള്‍ കര്‍ണാടക, ബംഗാള്‍, ഹരിയാന എന്നിവരോട് സമനിലയിലും പിരിഞ്ഞു.

ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും യഥാക്രമം ജമ്മു കശ്മീര്‍, ഗുജറാത്ത് എന്നീ കടമ്പയും കേരളം അനായാസം മറികടന്നു. ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ് രണ്ട് മത്സരത്തിലും കേരളം പുഞ്ചിരിച്ചത്.

കിരീടപ്പോരാട്ടത്തില്‍ വിദര്‍ഭയായിരുന്നു എതിരാളികള്‍. പോരാട്ടം സമനിലയില്‍ അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ വിദര്‍ഭ കിരീടം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കുക എന്നത് മാത്രമായിരിക്കും കേരളത്തിന്റെ ലക്ഷ്യം.

രഞ്ജി ട്രോഫി – കേരള സ്‌ക്വാഡ്

മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍), ബാബ അപരാജിത് (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ എസ്. കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, അക്ഷയ് ചന്ദ്രന്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, നിധീഷ് എം.ഡി. ബേസില്‍ എം.പി, ഈഡന്‍ ആപ്പിള്‍ ടോം, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അഭിഷേക് നായര്‍.

ഗ്രൂപ്പ് ഘട്ട മത്സരം

vs മഹാരാഷ്ട്ര – ഒക്ടോബര്‍ 15 – കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

vs പഞ്ചാബ് – ഒക്ടോബര്‍ 25 – പി.സി.എ ന്യൂ ക്രിക്കറ്റ് സ്റ്റേഡിയം

vs മധ്യപ്രദേശ് – നവംബര്‍ 1 – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ട്, മംഗലാപുരം

vs സൗരാഷ്ട്ര – നവംബര്‍ 8 – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ട്, മംഗലാപുരം

vs മധ്യപ്രദേശ് – നവംബര്‍ 16 – ഹോല്‍കര്‍ സ്റ്റേഡിയം

vs ചണ്ഡിഗഢ് – ജനുവരി 22 – കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ട്, മംഗലാപുരം

vs ഗോവ – ജനുവരി 29 – ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ട്

Content Highlight: Sanju Samson need 166 runs to complete 4,000 runs in first class format

We use cookies to give you the best possible experience. Learn more