| Thursday, 16th October 2025, 7:49 am

ഓസ്‌ട്രേലിയന്‍ മണ്ണില്‍ റെക്കോഡിടും മുമ്പ് ഇന്ത്യന്‍ മണ്ണില്‍ കരിയര്‍ തിരുത്താന്‍ സഞ്ജു; വേണ്ടത്...

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് കേരളം പുറത്തെടുക്കുന്നത്. മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 എന്ന നിലയിലാണ് മഹാരാഷ്ട്ര. നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷിന്റെ കരുത്തിലാണ് കേരളം മഹാരാഷ്ട്രയെ എറിഞ്ഞിട്ടത്.

രണ്ടാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ എതിരാളികളെ പുറത്താക്കി ബാറ്റിങ്ങിനിറങ്ങുകയായിരിക്കും കേരളത്തിന്റെ ലക്ഷ്യം.

മത്സരത്തില്‍ ഒരു കരിയര്‍ മൈല്‍സ്‌റ്റോണ്‍ പിന്നിടാനുള്ള അവസരമാണ് സൂപ്പര്‍ താരം സഞ്ജു സാംസണ് മുമ്പിലുള്ളത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 4,000 റണ്‍സെന്ന നേട്ടമാണിത്. ഈ റെക്കോഡിലെത്താന്‍ സൂപ്പര്‍ താരത്തിന് വേണ്ടതാകട്ടെ 166 റണ്‍സും.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 107 ഇന്നിങ്സില്‍ നിന്നും 39.12 ശരാശരിയില്‍ 3,834 റണ്‍സാണ് സഞ്ജു നേടിയത്. 11 സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതാണ് ഫസ്റ്റ് ക്ലാസില്‍ സഞ്ജുവിന്റെ പ്രകടനം.

ടി-20 ഫോര്‍മാറ്റില്‍ സഞ്ജു ഇതിനോടകം 4,000 റണ്‍സ് മാര്‍ക് പിന്നിട്ടിട്ടുണ്ട്. 295 ഇന്നിങ്‌സില്‍ നിന്നും 7,761 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ സഞ്ജു ഓസ്‌ട്രേലിയയിലേക്ക് പറക്കും. ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ടി-20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതിനാലാണിത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തി കളിക്കുക.

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കേരള ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ തീരുമാനം ശരിവെച്ച് എം.ഡി. നിധീഷ് പന്തെറിഞ്ഞതോടെ ആദ്യ ഓവറില്‍ തന്നെ സൂപ്പര്‍ താരം പൃഥ്വി ഷാ പുറത്തായി. നാലാം പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്. അടുത്ത പന്തില്‍ വണ്‍ ഡൗണായെത്തിയ സിദ്ധേഷ് വീറിനെയും നിധീഷ് മടക്കി.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയും പുറത്തായതോടെ സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കയറും മുമ്പേ മൂന്ന് വിക്കറ്റ് വീണു. സ്‌കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കവെ നാലാം വിക്കറ്റും 18ല്‍ അഞ്ചാം വിക്കറ്റും വീഴ്ത്തിയ കേരളം മഹാരാഷ്ട്രയെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.

എഴാം വിക്കറ്റില്‍ ഋതുരാജ് ഗെയ്ക്വാദും മുന്‍ കേരള താരം ജലജ് സക്‌സേനയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ് മഹാരാഷ്ട്രയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും തിളങ്ങിയത്.

ടീം സ്‌കോര്‍ 18ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 140ലാണ്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ ജലജിനെ മടക്കി എം.ഡി. നിധീഷാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ വിക്കി ഓട്സ്വാളിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച ഗെയ്ക്വാദ് സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ വീണു. 151 പന്തില്‍ 11 ഫോറിന്റെ അകമ്പടിയോടെ 97 റണ്‍സാണ് താരം നേടിയത്. ഈഡന്‍ ആപ്പിള്‍ ടോമിനാണ് വിക്കറ്റ്.

Content Highlight: Sanju Samson need 166 runs to complete 4,000 runs in first class format

We use cookies to give you the best possible experience. Learn more