ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം റെക്കോഡുകള്‍ തകര്‍ത്ത് കുതിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഈ സീസണില്‍ ഇതിനോടകം തന്നെ 12 മത്സരങ്ങളില്‍ നിന്നും 450 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഈ മിന്നും ഫോം വരും മത്സരങ്ങളിലും തുടരാനായാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണാക്കി മാറ്റാനുള്ള സുവര്‍ണാവസരവും സഞ്ജുവിന്റെ മുന്നിലുണ്ട്.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ തന്റെ സ്‌കോറിങ്ങില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. 2024ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സഞ്ജു ഏറ്റവുമധികം റണ്‍സ് അടിച്ചുകൂട്ടിയത്. 2024ല്‍ 15 മത്സരങ്ങളില്‍ നിന്നും 531 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
2013ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഒരു സീസണില്‍ 550+ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ തന്റെ കരിയറില്‍ ആദ്യമായി ഈ റണ്‍സ് നേട്ടം സ്വന്തമാക്കാനുള്ള അവസരവും സഞ്ജുവിനുണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ 132 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് തന്റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണാക്കി മാറ്റാനും സാധിക്കും.
സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
അതേസമയം നിലവില്‍ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 12 പോയിന്റുള്ള ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കൂ. ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ മെയ് 18നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ചെന്നൈയുടെ എതിരാളികള്‍. ഇത് കഴിഞ്ഞാല്‍ സീസണിലെ അവസാന മത്സരത്തില്‍ മെയ് 21ന് ഗുജറാത്ത് ടൈറ്റന്‍സിനെയും ചെന്നൈ നേരിടും.
Content Highlight: Sanju Samson need 132 runs to create best ipl season ever