ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. രണ്ട് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 26നാണ് ആരംഭിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യത്തെ ടി-20 പരമ്പരയാണിത്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായാണ് അയ്യര്‍ ഇന്ത്യന്‍ നായകനായി സ്ഥാനമേറ്റത്. തിലക് വര്‍മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ 15കാരനായ വൈഭവ് സൂര്യവംശിയും ഇടം നേടിയത് ക്രിക്കറ്റ് സര്‍ക്കിളില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ സംസാര വിഷയമാണ്. ലോകകപ്പ് വിജയത്തിന് ശേഷം സഞ്ജു ഇറങ്ങുന്ന ആദ്യ പരമ്പരയില്‍ തന്നെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് അതിന് കാരണം.
ടി-20 ഫോര്‍മാറ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് സഞ്ജുവിനുള്ള അവസരം. ഇതിനായി അയര്‍ലാന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് 123 റണ്‍സാണ് താരത്തിന് വേണ്ടത്. ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സഞ്ജുവിന് മുന്നേറാന്‍ സാധിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി 9000 ടി-20 റണ്‍സ് നേടിയ താരങ്ങള്‍.
വിരാട് കോഹ്‌ലി – 413 – 14218
രോഹിത് ശര്‍മ – 459 – 13249
സൂര്യകുമാര്‍ യാദവ് – 347 – 9729
സഞ്ജു സാംസണ്‍ – 327 – 8877
ഇന്ത്യക്കായി ഇതുവരെ അന്താരാഷ്ട്ര ടി-20യില്‍ 62 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 1399 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും മലയാളി താരം നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍
191 മത്സരങ്ങളില്‍ നിന്ന് 5181 റണ്‍സാണ് സഞ്ജു നേടിയത്. അഞ്ച് സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, ഇന്ത്യ, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ഫോര്‍മാറ്റില്‍ കളിച്ചത്.
2026 ഐ.പി.എല്ലിലും സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് നേടിയത്.
സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ മുന്‍നിരയില്‍ പ്രധാനിയാവുമെന്ന് ഉറപ്പാണ്.
Content Highlight: Sanju Samson Need 123 Runs To Historic Record Achievement