| Friday, 19th June 2026, 7:49 am

ചരിത്രത്തിലേക്ക് പറന്നുയരാന്‍ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ

സുദേവ് എ

ഇന്ത്യ- അയര്‍ലാന്‍ഡ് ടി -20 പരമ്പര ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പരമ്പരയില്‍ രണ്ട് ടി – 20 മത്സരങ്ങളാണ് ടീം കളിക്കുന്നത്. ആദ്യ മത്സരം ജൂണ്‍ 26നും രണ്ടാം പോരാട്ടം ജൂണ്‍ 28നും നടക്കും. സ്‌കൈ യുഗത്തിന് ശേഷം പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്.

ഇതിന് പുറമെ ഐ.പി.എല്ലിന് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ കുപ്പായത്തിലേക്ക് തിരിച്ചെത്തുന്ന പരമ്പര കൂടിയാണിത്. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഒരു ചരിത്ര നേട്ടവും സഞ്ജുവിന് തന്റെ പേരിലാക്കി മാറ്റാന്‍ സാധിക്കും. ടി-20യില്‍ 9000 റണ്‍സെന്ന മൈൽസ്റ്റോണിന് അരികെയാണ് മലയാളി താരം.

ഇതിനായി സഞ്ജുവിന് വേണ്ടത് 123 റണ്‍സാണ്. നിലവില്‍ താരത്തിന് ടി-20യില്‍ 8877 റണ്‍സ് റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഇതില്‍ 1399 റണ്‍സ് ഇന്ത്യന്‍ കുപ്പായത്തിലാണ് താരം നേടിയത്. 62 മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അടിച്ചാണ് വിക്കറ്റ് കീപ്പര്‍ ഇത്ര റണ്‍സ് തന്റെ അക്കൗണ്ടിലെത്തിച്ചത്.

ഐ.പി.എല്ലില്‍ നിന്നും 5181 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 191 മത്സരങ്ങളില്‍ കളിച്ച താരം ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളുമാണ് അടിച്ചത്. ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഇന്ത്യ, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ടി-20യില്‍ കളത്തിലിറങ്ങിയത്.

ടി-20യില്‍ 9000 റണ്‍സ് സ്വന്തമാക്കിയാല്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമായും സഞ്ജു മാറും. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

വിരാട് കോഹ്‌ലി-14218

രോഹിത് ശര്‍മ-13249

സൂര്യകുമാര്‍ യാദവ്-9729

ശിഖര്‍ ധവാന്‍-9797

സഞ്ജു സാംസണ്‍- 8877

അതേസമയം 2026 ഐ.പി.എല്ലില്‍ സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററായി മാറാന്‍ സഞ്ജുവിന് സാധിച്ചു.

14 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് സഞ്ജു നേടിയത്. ഈ മിന്നും പ്രകടനം അയര്‍ലാന്‍ഡിനെതിരെയും സഞ്ജു ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Sanju Samson need 123 runs to complete 9000 runs in T20 cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more