ഇന്ത്യ-അയര്‍ലാന്‍ഡ് ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്നാണ് നടക്കുന്നത്. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ ജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക. മറുവശത്ത് രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് സ്വന്തം മണ്ണില്‍ ചരിത്ര വിജയമായിരിക്കും അയര്‍ലാന്‍ഡ് ലക്ഷ്യം വെക്കുക.
ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ആദ്യ പരമ്പര നഷ്ടമാവാതിരിക്കാന്‍ ശ്രേയസ് അയ്യര്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
ഈ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ തിളങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് ഒരു ചരിത്രനേട്ടവും സ്വന്തമാക്കാന്‍ സാധിക്കും. ടി-20യില്‍ 9000 റണ്‍സെന്ന ചരിത്ര നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്.
സഞ്ജു സാംസൺ
ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് വേണ്ടത് 118 റണ്‍സാണ്. നിലവില്‍ ടി-20യില്‍ 8877 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഇതില്‍ 1404 റണ്‍സ് ഇന്ത്യന്‍ കുപ്പായത്തിലാണ് താരം നേടിയത്. 62 മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അടിച്ചാണ് വിക്കറ്റ് കീപ്പര്‍ ഇത്രയും റണ്‍സ് തന്റെ അക്കൗണ്ടിലെത്തിച്ചത്.
ടി-20യില്‍ 9000 റണ്‍സ് സ്വന്തമാക്കിയാല്‍ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായും സഞ്ജു മാറും. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ അഞ്ച് റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ജെയ് മോന്ദ്രയുടെ ആദ്യ പന്തില്‍ ഇന്‍സൈഡ് എഡ്ജില്‍ ബൗള്‍ഡായാണ് സഞ്ജു പുറത്തായത്. രണ്ടാം മത്സരത്തില്‍ സഞ്ജു ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം അയര്‍ലാന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തില്‍ 34 റണ്‍സിന്റെ വമ്പന്‍ വിജയമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അയര്‍ലാന്‍ഡിനോട് ഇന്ത്യ പരാജയപ്പെടുന്നത്.
Content Highlight: Sanju Samson need 118 runs to create a new milestone in T20