| Tuesday, 30th June 2026, 11:01 am

ഇംഗ്ലണ്ടില്‍ ചരിത്രം കുറിക്കാന്‍ സഞ്ജു; ഐതിഹാസിക നേട്ടം അരികില്‍

സുദേവ് എ

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള സീരിസിനൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒറ്റ മത്സരം പോലും വിജയിക്കാതെയാണ് ഇന്ത്യ സീരിസ് കൈവിട്ടത്.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒറ്റ സീരിസും പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു.

അയര്‍ലാന്‍ഡിനെതിരായ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ പൂജ്യത്തിനുമാണ് മടങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ സഞ്ജു ശക്തമായി തിരിച്ചു വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഈ പരമ്പരയില്‍ തിളങ്ങിയാല്‍ സഞ്ജുവിന് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ടി-20യില്‍ 9000 റണ്‍സെന്ന ചരിത്ര നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്.

ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് വേണ്ടത് 118 റണ്‍സാണ്. നിലവില്‍ ടി-20യില്‍ 8882 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഇതില്‍ 1409 റണ്‍സ് ഇന്ത്യന്‍ കുപ്പായത്തിലാണ് താരം നേടിയത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അടിച്ചാണ് വിക്കറ്റ് കീപ്പര്‍ ഇത്രയും റണ്‍സ് തന്റെ അക്കൗണ്ടിലെത്തിച്ചത്.

സഞ്ജു സാംസൺ. Photo: BCCI/x.com

ടി-20യില്‍ 9000 റണ്‍സ് സ്വന്തമാക്കിയാല്‍ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായും സഞ്ജു മാറും. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ്

വിരാട് കോഹ്‌ലി -14218

രോഹിത് ശര്‍മ-13249

സൂര്യകുമാര്‍ യാദവ്-9729

ശിഖര്‍ ധവാന്‍-9797

സഞ്ജു സാംസണ്‍- 8882

അതേസമയം 2026 ഐ.പി.എല്ലില്‍ സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററായി മാറാന്‍ സഞ്ജുവിന് സാധിച്ചു. 14 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് സഞ്ജു നേടിയത്.

ഇംഗ്ലണ്ട് ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Content Highlight: Sanju Samson need 118 runs to create a new milestone in T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more