| Tuesday, 7th July 2026, 5:03 pm

ഇംഗ്ലണ്ടില്‍ ചരിത്രം സൃഷ്ടിക്കാന്‍ സഞ്ജു; മുന്നിലുള്ളത് മിന്നും നേട്ടം

സുദേവ് എ

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഇന്നാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക. നിലവില്‍ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

ഇന്ത്യ ഈ പരമ്പരയിലെ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ടാം ടി-20യില്‍ സഞ്ജു സാംസണിനെ ഒഴിവാക്കി യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറിയിരുന്നു.

ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്. ഇപ്പോള്‍ പരമ്പര കൈവിടാതിരിക്കാനുള്ള നിര്‍ണായകമായ പോരാട്ടത്തില്‍ സഞ്ജുവിന് ടീമില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

ഇംഗ്ലണ്ടിനെതിരെ മൂന്നാം മത്സരത്തില്‍ തിരിച്ചുവരവിനിറങ്ങുമ്പോള്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. ടി -20യില്‍ 9000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനുള്ള അവസരമാണ് മലയാളി താരത്തിന്റെ മുന്നിലുള്ളത്.

ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് വേണ്ടത് 117 റണ്‍സാണ്. നിലവില്‍ ടി-20യില്‍ 8883 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഇതില്‍ 1409 റണ്‍സ് ഇന്ത്യന്‍ കുപ്പായത്തിലാണ് താരം നേടിയത്.

അതേസമയം സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചില്ല. 2026 ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താതെ പോവുകയായിരുന്നു.

2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. ലോകകപ്പിന് ശേഷം നടന്ന ഐ.പി.എല്ലിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററായി മാറാന്‍ സഞ്ജുവിന് സാധിച്ചു. 14 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് സഞ്ജു നേടിയത്.

Content Highlight: Sanju Samson need 117 runs to create a huge record in T20 cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more