ഇന്ത്യ-അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. ഐ.പി.എല്ലിന് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളത്തിലിറങ്ങുന്ന പരമ്പര കൂടിയാണിത്. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന് ടി-20യിലെ പുതിയൊരു നാഴികക്കല്ലും സ്വന്തമാക്കാനുള്ള അവസരമുണ്ട്.
ടി-20യില്‍ ഇന്ത്യക്കായി 1500 റണ്‍സെന്ന മൈല്‍സ്റ്റോണിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് 101 റണ്‍സ് മാത്രം മതി. ഇന്ത്യക്കായി ഇതുവരെ ടി-20യില്‍ 62 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 1399 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും മലയാളി താരം കുട്ടി ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്.
സഞ്ജു സാംസൺ
ഇന്ത്യക്ക് വേണ്ടി ടി-20യില്‍ എട്ട് താരങ്ങള്‍ മാത്രമാണ് 1500 റണ്‍സ് കടന്നിട്ടുള്ളൂ. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, എം.എസ് ധോണി, സുരേഷ് റെയ്ന എന്നിവരാണ് ഇതുവരെ ഈ നാഴികക്കല്ലിലെത്തിയവര്‍.
അതേസമയം 2026 ഐ.പി.എല്ലിലും സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറായായിരുന്നു. 14 ഇന്നിങ്സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതിനാല്‍ തന്നെ അയര്‍ലാന്‍ഡ് പരമ്പരയിലും സഞ്ജു തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.
Content Highlight: Sanju Samson need 101 runs to set a new milestone in T20