ഇന്ത്യ-അയര്‍ലന്‍ഡ് ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. സൂര്യകുമാര്‍ യാദവന്റെ പിന്‍ഗാമിയായാണ് ശ്രേയസിനെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്. മുംബൈ ഇന്ത്യന്‍സ് സ്ഥാനം തിലക വര്‍മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ടീമില്‍ 15കാരനായ വൈഭവ് സൂര്യവംശിയും ഇടം നേടിയിട്ടുണ്ട്.
ഐ.പി.എല്ലിന് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളത്തിലിറങ്ങുന്ന പരമ്പര കൂടിയാണിത്. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ ടി-20യിലെ പുതിയൊരു നാഴികക്കല്ലും സഞ്ജുവിന് കൈവരിക്കാന്‍ സാധിക്കും. ഇന്ത്യന്‍ കുപ്പായത്തില്‍ 1500 ടി-20 റണ്‍സെന്ന മൈല്‍സ്റ്റോണ്‍ ആണ് മലയാളി താരത്തിന്റെ മുന്നിലുള്ളത്. ഇതിനായി സഞ്ജുവിന് 101 റണ്‍സ് മാത്രം മതി.
സഞ്ജു സാംസൺ
ഇതുവരെ എട്ട് താരങ്ങള്‍ മാത്രമാണ് കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കായി 1500 റണ്‍സ് കടന്നിട്ടുള്ളൂ. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, എം.എസ് ധോണി, സുരേഷ് റെയ്ന എന്നിവരാണ് ഇതുവരെ 1500 റണ്‍സ് കടന്നവര്‍.
ഇന്ത്യക്കായി ഇതുവരെ ടി-20യില്‍ 62 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 1399 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും മലയാളി താരം നേടിയിട്ടുണ്ട്.
അതേസമയം 2026 ഐ.പി.എല്ലിലും സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.
ഈ സീസണില്‍ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ മുന്‍നിരയില്‍ പ്രധാനിയാവുമെന്ന് ഉറപ്പാണ്.
Content Highlight: Sanju Samson need 101 runs to create a new milestone in T20