| Friday, 5th June 2026, 11:48 am

ക്യാപ്റ്റനായാലും ഇല്ലെങ്കിലും ചരിത്രമെഴുതാം; വമ്പന്‍ നേട്ടത്തിനരികെ സഞ്ജു

Sudev A

ഇന്ത്യ-അയര്‍ലന്‍ഡ് ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.

ഈ സീരിസിനുള്ള ഇന്ത്യന്‍ ടീമിനെ ജൂണ്‍ ആറിന് പ്രഖ്യാപിക്കും. ഇന്ത്യന്‍ ടി-20 നായക സ്ഥാനത്തു നിന്നും സൂര്യകുമാര്‍ യാദവിനെ നീക്കം ചെയ്തതിന് പിന്നാലെ സ്‌കൈയുടെ പകരക്കാരന്‍ ആരായിരിക്കുമെന്ന പ്രഖ്യാപനവും ജൂണ്‍ ആറിനുണ്ടാവും.

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ തുടങ്ങിയവരാണ് മുന്‍ നിരയിലുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ നായകനായി എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ക്യാപ്റ്റനായാലും ഇല്ലെങ്കിലും അയര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ ടി-20യിലെ പുതിയൊരു നാഴികക്കല്ലും സഞ്ജുവിന് നേടാന്‍ സാധിക്കും. ഇന്ത്യന്‍ കുപ്പായത്തില്‍ 1500 ടി-20 റണ്‍സാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതിന് വേണ്ടി സഞ്ജുവിന് 101 റണ്‍സ് മാത്രം മതി. രണ്ട് മത്സരങ്ങളില്‍ നിന്നും ഇത്രയധികം റണ്‍സ് നേടാനായാല്‍ സഞ്ജുവിന് ഈ മൈല്‍സ്റ്റോണിലെത്താം.

സഞ്ജു സാംസൺ

ഇതുവരെ എട്ട് താരങ്ങള്‍ മാത്രമാണ് കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കായി 1500 റണ്‍സ് കടന്നിട്ടുള്ളൂ. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, എം.എസ് ധോണി, സുരേഷ് റെയ്ന എന്നിവരാണ് ഇതുവരെ 1500 റണ്‍സ് കടന്നവര്‍.

ഇന്ത്യക്കായി ഇതുവരെ ടി-20യില്‍ 62 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 1399 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും മലയാളി താരം നേടിയിട്ടുണ്ട്.

അതേസമയം 2026 ഐ.പി.എല്ലിലും സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

ഈ സീസണില്‍ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.

Content Highlight: Sanju Samson need 101 runs create a new milestone in T20

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more