| Monday, 4th May 2026, 9:12 pm

വേണ്ടത് വെറും 10 എണ്ണം! ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസണ്‍

Sudev A

ഐ.പി.എല്ലില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് സി.എസ്.കെ ദല്‍ഹിയെ നേരിടാനെത്തുന്നത്. മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്താണ് അക്സര്‍ പട്ടേലും സംഘവും പോരാട്ടത്തിനിറങ്ങുന്നത്.

മിന്നും ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണില്‍ തന്നെയാവും ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. ഇതുവരെ എട്ട് മത്സരങ്ങളില്‍ നിന്നും 315 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

ദല്‍ഹിക്കെതിരെ തകര്‍ത്തടിക്കുകയാണെങ്കില്‍ മറ്റൊരു നേട്ടവും സഞ്ജുവിന് സ്വന്തമാക്കാന്‍ സാധിക്കും. ടി-20യില്‍ 750 ഫോറുകളെന്ന നാഴികകല്ലിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. ഇതിനായി വെറും 10 ഫോറുകളാണ് സഞ്ജുവിന് ആവശ്യമുള്ളത്. 740 ഫോറുകള്‍ തന്റെ ബാറ്റില്‍ നിന്നും അടിച്ചെടുത്ത സഞ്ജുവിന് 10 ഫോറുകള്‍ കൂടി പായിച്ചുകൊണ്ട് പുതിയ നാഴികക്കല്ലിലെത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും സഞ്ജു ഈ സീസണില്‍ നേടിയിട്ടുണ്ട്. ഇതിലെ ആദ്യ സെഞ്ച്വറി നാളെ നേരിടാന്‍ പോകുന്ന ദല്‍ഹിക്കെതിരെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു.

മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ടി-20യില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായും സഞ്ജു മാറിയിരുന്നു. വിക്കറ്റ് കീപ്പറായി സഞ്ജു നേടുന്ന ആറാം സെഞ്ച്വറിയായിരുന്നു ഇത്. അഞ്ച് സെഞ്ച്വറികള്‍ നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷനെ മറികടന്നാണ് സഞ്ജു ഒന്നാം സ്ഥാനത്തെത്തിയത്.

Content Highlight: Sanju Samson Need 10 Four to complete 750 Four in T20 Cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more