| Wednesday, 11th March 2026, 4:32 pm

ലോകകപ്പിലെ റെക്കോഡ് റണ്ണിനൊപ്പം റാങ്ക് വേട്ടയും; ഇത്തവണ സഞ്ജു അടിച്ചെടുത്തത് 18 സ്ഥാനങ്ങള്‍!

ഫസീഹ പി.സി.

ഐ.സി.സി ടി – 20 ഐ ബാറ്റിങ് റാങ്കിങ്ങില്‍ വമ്പന്‍ മുന്നേറ്റവുമായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ലോകകപ്പ് നേട്ടത്തിന് പിന്നാലെ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരത്തിന്റെ കുതിപ്പ്.

നിലവില്‍ 637 റേറ്റിങ് പോയിന്റുമായി 22ാം സ്ഥാനത്താണ് സഞ്ജു. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് വിക്കറ്റ് കീപ്പറുടെ നേട്ടം. കിരീടം നിലനിര്‍ത്തി മൂന്നാം ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ മുന്നേറ്റത്തില്‍ താരം നിര്‍ണായകമായ സാന്നിധ്യമായിരുന്നു. അവസാന മൂന്ന് മത്സരങ്ങളില്‍ 80+ സ്‌കോര്‍ ചെയ്ത് 31കാരന്‍ ടീമിന്റെ വിജയശില്പിയായത്.

ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു 321 റണ്‍സ് നേടിയിരുന്നു. ഒപ്പം ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ഈ മികവാണ് റാങ്കിങ്ങില്‍ കുതിപ്പ് നടത്താന്‍ താരത്തിന് സഹായകമായത്.

2026 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡുമായി സഞ്ജു സാംസൺ. Photo: BCCI/x.com

നേരത്തെ, ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ പുറത്താവാതെ 97 റണ്‍സ് എടുത്തപ്പോഴും സഞ്ജു റാങ്കിങ്ങില്‍ കുതിപ്പ് നടത്തിയിരുന്നു. അന്ന് 25 സ്ഥാനങ്ങളാണ് താരം ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത്.

അതേസമയം, ലോകകപ്പില്‍ വലിയ പ്രകടനങ്ങള്‍ നടത്താനായില്ലെങ്കിലും അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 875 റേറ്റിങ് പോയിന്റാണ് താരത്തിനുള്ളത്.

ഇഷാന്‍ കിഷനും റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി. താരം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തി. ലോകകപ്പില്‍ 317 റണ്‍സെടുത്ത ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ താരം ഒന്നാമതായിരുന്നു. ഇതാണ് താരത്തിന്റെ കുതിപ്പിലേക്ക് നയിച്ചത്.

ഇഷാൻ കിഷനും അഭിഷേക് ശർമയും. Photo: BCCI/x.com

തിലക് വര്‍മയും സൂര്യകുമാര്‍ യാദവുമാണ് ആദ്യ പത്തിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. തിലക് ഒരു സ്ഥാനം നഷ്ടമായി ഏഴാമതും സൂര്യ രണ്ട് സ്ഥാനങ്ങള്‍ കൈവിട്ട് ഒമ്പതാമതുമാണ്. ഇവര്‍ക്ക് പുറമെ, 27ാം സ്ഥാനത്ത് ശിവം ദുബെയുമുണ്ട്. നാല് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്.

അതേസമയം, ഓരോ സ്ഥാനങ്ങള്‍ വീതം താഴേക്കിറങ്ങിയ പാകിസ്ഥാന്‍ താരം സാഹിബ്സാദ ഫര്‍ഹാനും ഇംഗ്ലണ്ട് ബാറ്റര്‍ ഫില്‍ സാള്‍ട്ടും യഥാക്രമം മൂന്നും നാലും റാങ്കിലുള്ളത്. ശ്രീലങ്ക ബാറ്റര്‍ പാത്തും നിസങ്ക അഞ്ചാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ നാല് സ്ഥാനം മെച്ചപ്പെടുത്തി ന്യൂസിലാന്‍ഡ് ഓപ്പണര്‍ ടിം സിഫെര്‍ട്ട് ആറാം സ്ഥാനത്തെത്തി.

സാഹിബ്‌സാദ ഫർഹാൻ.Photo: ICC/x.com

സൗത്ത് ആഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസ് എട്ടാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി പത്താം സ്ഥാനത്തേക്ക് വീണു.

ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Content Highlight: Sanju Samson moved up 18 place in ICC T20 batting rankings

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more