ഇന്ത്യന്‍ ടി-20 ക്രിക്കറ്റ് ടീമിന്റെ അടുത്ത നായകനായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മാറ്റി പുതിയൊരാളെ നിയമിക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ആലോചിക്കുന്നത്. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ നായകസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതായാണ് ലഭിക്കുന്ന വിവരം.
സഞ്ജു സാംസണും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും
സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിന്റെ സ്ഥിരതയുള്ള ബാറ്റിങ് പ്രകടനത്തിലും നേതൃഗുണങ്ങളിലും അതീവ സംതൃപ്തരാണെങ്കിലും ക്യാപ്റ്റന്‍സി റെയ്‌സില്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യരും മുന്‍ നിരയിലാണ്. സാധ്യതാ പട്ടികയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പേരും ഉയര്‍ന്നെങ്കിലും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
അതേസമയം അടുത്തിടെ നടന്ന ഐ.സി.സി ടി-20 വേള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ സഞ്ജു നടത്തിയ വമ്പന്‍ പ്രകടനവും നിലവില്‍ ഐ.പി.എല്ലില്‍ നടത്തുന്ന പ്രകടനവുമാണ് താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന്റെ കാരണം.
സഞ്ജു സാംസണ്‍
ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു. നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്നെ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്. മാത്രമല്ല മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.
നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും താരം വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്. സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയടക്കം 402 റണ്‍സാണ് താരം നേടിയത്. 57.43 ആവറേജിലും 167.50 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താര ബാറ്റ് ചെയ്യുന്നത്.
അതേസമയം ഐ.പി.എല്ലിന് ശേഷം അയര്‍ലാന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി-20 പരമ്പരകളാണ് ഇന്ത്യയ്ക്കുള്ളത്. ക്യാപ്റ്റന്‍സി ചര്‍ച്ചയില്‍ സഞ്ജുവിന് നറുക്ക് വീഴുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
Content Highlight: Sanju Samson may be appointed as the next captain of the Indian T20 cricket team