ഇന്ത്യന്‍ ടീമിന്റെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ക്യാപ്റ്റനായേക്കുമെന്ന് പ്രധാന സ്‌പോര്‍ട്‌സ് മാധ്യമമായ റേവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട്. പരമ്പരയില്‍ സ്ഥിരം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവടക്കം 2026 ടി – 20 ലോകകപ്പില്‍ കളിച്ച പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്നാണ് വിവരം.
ജൂണ്‍ 26 മുതലാണ് ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിന് തുടക്കമാവുക. രണ്ട് ടി – 20 മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
സഞ്ജു സാംസൺ. Photo: BCCI/x.com
യുവതാരങ്ങളെ ഉള്‍ക്കൊള്ളിച്ച് സഞ്ജുവിന്റെ നേതൃത്വത്തില്‍ ഒരു പരീക്ഷണാത്മക ടീമിനെ അയര്‍ലാന്‍ഡിലേക്ക് അയക്കാനായി സെക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ പരമ്പരയില്‍ സൂര്യക്കൊപ്പം ഹര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചേക്കും.
കൂടാതെ, ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറക്കും അയര്‍ലാന്‍ഡ് പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇംഗ്ലണ്ട് പരമ്പരയിലെ മത്സരങ്ങള്‍ ഉള്‍പ്പടെ താരം അടുത്ത കുറച്ച് മാസത്തേക്ക് ടി – 20യില്‍ കളിച്ചേക്കില്ലെന്നാണ് വിവരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും 2027ലെ ഏകദിന ലോകകപ്പും മുന്‍നിര്‍ത്തിയാണ് ഇത്.
സഞ്ജു സാംസണും സൂര്യകുമാർ യാദവും. Photo: Johns/x.com
പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുകയെങ്കില്‍ അയര്‍ലാന്‍ഡ് പരമ്പരയില്‍ സഞ്ജു താത്കാലിക ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുത്തേക്കും. പരമ്പരയില്‍ വൈഭവ് സൂര്യവംശി ടീമിലേക്ക് എത്താന്‍ സാധ്യതയുണ്ട്. യശസ്വി ജെയ്സ്വാള്‍ ടി – 20യിലേക്ക് തിരിച്ചെത്തിയേക്കും. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് താരം പ്രിന്‍സ് യാദവിന്റെ പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
അതേസമയം, മുഴുവന്‍ സമയ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ തന്നെയാണ് ഇപ്പോഴും സെലക്ടര്‍മാര്‍ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അയര്‍ലാന്‍ഡ് പരമ്പരക്ക് ശേഷം ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഇംഗ്ലണ്ട് പരമ്പരയില്‍ ക്യാപ്റ്റനായി സൂര്യ തന്നെ തിരിച്ചെത്താനാണ് സാധ്യതയെന്നും സൂചനയുണ്ട്.
Content Highlight: Sanju Samson likely to stop captain in India’s Ireland tour: Report