| Sunday, 14th September 2025, 12:30 pm

സഞ്ജുവിന് തുണയാകുമോ ഈ 'സര്‍പ്രൈസ് ഇഞ്ചുറി'; പാകിസ്ഥാനെതിരെ പ്ലെയിങ് ഇലവനില്‍ എന്തും സംഭവിക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച പോരാട്ടത്തിനായിരിക്കും ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുക.

എന്നാല്‍ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കൈക്ക് പരിക്ക് പറ്റിയിരുന്നു. താരത്തിന്റെ പരിക്കിനെക്കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ ഗില്‍ ഓപ്പണിങ് സ്ഥാനത്ത് കളിക്കുമോ എന്നാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഗില്ലിന്റെ പരിക്ക് തുണയാകുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനാണ്.

നിലവില്‍ മധ്യ നിരയിലാണ് സഞ്ജുവിന് സ്ഥാനം ലഭിച്ചത്. നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു ഗില്ലിന്റെ തിരിച്ചുവരവോടെയാണ് മിഡില്‍ ഓര്‍ഡറിലേക്ക് പിന്തള്ളപ്പെട്ടത്. എന്നാല്‍ ഗില്ലിന്റെ ഫിറ്റ്‌നസ് പുരോഗതി അനുസരിച്ച് സഞ്ജുവിന് ഓപ്പണിങ്ങിലേക്ക് അവസരം ലഭിച്ചേക്കാമെന്നാണ് ക്രിക്കറ്റ് നരീക്ഷകര്‍ പറയുന്നത്. മാത്രമല്ല പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക് പറഞ്ഞിരുന്നു.

അതേസമയം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ യു.എ.ഇയ്ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 93 പന്ത് ശേഷിക്കെയാണ് മെന്‍ ഇന്‍ ബ്ലൂ വിജയിച്ച് കയറിയത്.

ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Content Highlight: Sanju Samson likely to play in the top order against Pakistan

We use cookies to give you the best possible experience. Learn more