ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയ്ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 19ന് ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. രണ്ടാം മത്സരം ഒക്ടോബര്‍ 23നും അവസാന മത്സരം 24നുമാണ് നടക്കുക.
എന്നാല്‍ മത്സരത്തിനുള്ള സ്‌ക്വാഡ് ഇതുവരെ ഇരു ടീമുകളും പുറത്ത് വിട്ടിട്ടില്ല. പരമ്പരയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്. സ്‌ക്വാഡില്‍ സഞ്ജു ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ റിഷബ് പന്ത് ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്കേറ്റത് കാരണം താരം വിശ്രമത്തിലായതാണ് സഞ്ജുവിന്റെ സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നത്.
മാത്രമല്ല ഇതുവരെ താരം പൂര്‍ണ ആരോഗ്യവാനല്ല. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് പന്തിന് ഇടം നേടിയില്ലായിരുന്നു. ഇതോടെ ബാക്ക് അപ് വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജു സ്‌ക്വാഡില്‍ ഇടം നേടുമെന്നാണ് ഏവരും വിശ്വസിക്കുന്നത്. മാത്രമല്ല 2025 ഏഷ്യാ കപ്പില്‍ ഇന്ത്യയെ വിജയിപ്പിച്ചതിലും സഞ്ജുവിന്റെ കരങ്ങളുണ്ടായിരുന്നു. ബാറ്റിങ്ങിലും കീപ്പിങ്ങിലും സഞ്ജു മികവ് പുലര്‍ത്തിയതും ഒരു പോസിറ്റീവാണ്.
ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളിലെ നാല് ഇന്നിങ്സില്‍ നിന്ന് 132 റണ്‍സാണ് സഞ്ജു നേടിയത്. 56 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 33.0 എന്ന ആവറേജിലുമാണ് സഞ്ജു ബാറ്റ് വീശിയത്. ഏഴ് സിക്സും ഏഴ് ഫോറും താരം അടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ഏകദിനത്തില്‍ 16 മത്സരത്തില്‍ നിന്ന് 510 റണ്‍സാണ് താരം സ്വന്തമാക്കിയത്. അധികം മത്സരങ്ങളില്‍ കളിച്ചില്ലെങ്കിലും 108 റണ്‍സിന്റെ മികച്ച ഒരു സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. 99.6 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിന് ഏകദിനത്തിലുള്ളത്. ഫോര്‍മാറ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും താരം അക്കൗണ്ടിലാക്കി.
Content Highlight: Sanju Samson likely to feature in Australia series