| Tuesday, 7th July 2026, 2:23 pm

അടിക്ക് പുറമെ തിരിച്ചടി; സഞ്ജുവിനെ ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ നിന്നും പുറത്തായേക്കും

ശ്രീരാഗ് പാറക്കല്‍

2026ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് സൂപ്പര്‍ താരം സഞ്ജു സാംസണെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഓപ്പണിങ് സ്ഥാനത്ത് സഞ്ജുവിന് പകരം ഇടം നേടിയത് വൈഭവ് സൂര്യവംശിയാണ്.

തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കും വൈഭവിനെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും താരത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

മാത്രമല്ല കഴിഞ്ഞ ദിവസം സിംബാബ്‌വേയ്‌ക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്റെ പേര് ഇല്ലാത്തത് ഏറെ അമ്പരപ്പിക്കുന്നതാണ്. ഇതോടെ വരും മത്സരങ്ങളില്‍ സഞ്ജു ടീമില്‍ നിന്ന് പുറത്താകുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്. സിംബാബ് വേക്കതിരായ സ്‌ക്വാഡില്‍ സഞ്ജുവിനെ ഒഴിവാക്കിയതിനാല്‍ നേരത്തെ പ്രഖ്യാപിച്ച ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ നിന്നും താരത്തെ തഴയുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

നിലവില്‍ സഞ്ജുവിന് പകരം കളിക്കുന്ന വൈഭവ് സൂര്യവംശി മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന്റെ സാധ്യതകള്‍ മങ്ങും. അല്ലെങ്കില്‍ അഭിഷേക് ശര്‍മയോ ഇഷാന്‍ കിഷനോ മോശം പ്രകടനം നടത്തിയാല്‍ മാത്രമേ സഞ്ജുവിനെ പരിഗണിക്കേണ്ട സാഹചര്യം ഉണ്ടാകൂ.സഞ്ജു സാംസണ്‍

നേരത്തെ ബി.സി.സി.ഐയും പരിശീലകരും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സഞ്ജുവിനെ സ്ഥിരതയില്ലാത്തതിന്റെ പേരിലാണ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്നാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍ ടി-20 ലോകകപ്പ് ചാമ്പ്യന്‍ കൂടിയായ സഞ്ജുവിനെ വെറും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ടീമില്‍ നിന്ന് പുറത്താക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക. നിലവില്‍ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരമ്പര കൈവിടാതിരിക്കാനുള്ള നിര്‍ണായകമായ പോരാട്ടത്തില്‍ സഞ്ജുവിന് ടീമില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Sanju Samson likely to be dropped from the Indian squad for the Asian Games

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more