| Monday, 29th June 2026, 10:10 am

'ഒറ്റക്ക് പൊക്കണ്ട ഞാനും പിടിക്കാം' ഹൃദയം കീഴടക്കി സഞ്ജു ചേട്ടന്‍

സുദേവ് എ

ചരിത്രത്തിലാദ്യമായി അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ അയര്‍ലാന്‍ഡ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു.

അവസാന ടി-20യില്‍ ഒരു റണ്ണിനാണ് ഐറിഷ് പടയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒറ്റ സീരിസും പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു.

മത്സരശേഷം മലയാളി താരം സഞ്ജു സാംസണ്‍ നടത്തിയ മികച്ചൊരു പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പ്രസ് കോണ്‍ഫറന്‍സ് നടത്തുന്നതിനിടെ സഞ്ജു ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മത്സരത്തിന് ശേഷം ഹോര്‍ഡിങ്സ് (പരസ്യ ബോര്‍ഡുകള്‍) ഉയര്‍ത്താന്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുകയായിരുന്നു സഞ്ജു. കളിക്കളത്തിന് പുറത്ത് ഗ്രൗണ്ട് സ്റ്റാഫിന് സഹായ ഹസ്തം നല്‍കിയ സഞ്ജുവിന്റെ ഈ പ്രവര്‍ത്തി ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

അതേസമയം ഈ പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയ പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സ് നേടി മടങ്ങിയ സഞ്ജു അവസാന മത്സരത്തില്‍ റണ്‍സൊന്നും നേടാതെ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്താവുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയാണ്. ജൂലൈ ഒന്നിനാണ് പരമ്പരക്ക് തുടക്കമാവുന്നത്. ഈ പരമ്പരയില്‍ സഞ്ജു സാംസണ്‍ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇംഗ്ലണ്ട് ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Content Highlight: Sanju Samson lends a helping hand to the ground staff off the field

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more