2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ആരാധകരെ സന്തോഷിപ്പിച്ചത്. ടീമിലേക്ക് ഒന്നാം വിക്കറ്റ് കീപ്പറായും ഓപ്പണറുമായാണ് താരം തിരിച്ചെത്തിയത് എന്നതാണ് ഈ സന്തോഷത്തിന്റെ കാരണം. ഒപ്പം മാസങ്ങളുടെ അവസരം നിഷേധിക്കപ്പെടലിന് ശേഷമാണ് ഈ തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി സഞ്ജുവിനെ തേടിയെത്തി. മറ്റൊന്നുമല്ല, വിജയ് ഹസാരെ ടൂര്‍ണമെന്റിനുള്ള കേരള ടീമിലും താരം ഇടം പിടിച്ചതാണിത്. രോഹന്‍ കുന്നുമ്മലാണ് ഈ ടീമിന്റെ നായകന്‍. യുവതാരം വിഘ്നേശ് പുത്തൂര്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, എം.ഡി നിധീഷ് എന്നിവരും ഈ ടീമില്‍ സഞ്ജുവിന് ഒപ്പമുണ്ട്.
സഞ്ജു സാംസൺ . Photo: Team Samson/x.com
ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ ഡിസംബര്‍ 24 മുതലാണ് തുടങ്ങുന്നത്. ജനുവരി എട്ട് വരെയാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മത്സരങ്ങളുള്ളത്. ഗ്രൂപ്പ് എയിലാണ് കേരള ടീമിന്റെ സ്ഥാനം.
ഇപ്പോള്‍ ലോകകപ്പ് ടീമില്‍ സഞ്ജു ഇടം പിടിച്ചതോടെ വിജയ് ഹസാരെ ട്രോഫിയിലും മികവ് പുലര്‍ത്തി ഇന്ത്യന്‍ ഏകദിന ടീമിലേക്ക് താരത്തിന് ഒരു തിരിച്ചുവരവുണ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ന്യൂസിലാന്‍ഡുമായി പരമ്പരയുണ്ട്. അതില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി – 20യുമാണുള്ളത്.
ലോകകപ്പിനുള്ള അതേ സ്‌ക്വാഡ് തന്നെയായിരിക്കും ന്യൂസിലാന്‍ഡിന് എതിരുള്ള ടി – 20 പരമ്പരയിലും ഇറങ്ങുകയെന്ന് ബി.സി.സി.ഐ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. എന്നാല്‍, അടുത്ത മാസം ആരംഭിക്കുന്ന ഏകദിന ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സഞ്ജു സാംസൺ . Photo: Ananthajith Asokkumar/x.com
അതിനാല്‍ തന്നെ രണ്ട് വര്‍ഷത്തിന് സഞ്ജുവിന് അവസരം കിട്ടുമോയെന്ന് കാത്തിരുന്ന് കണ്ടേണ്ടി വരും. 2023ലാണ് മലയാളി താരം അവസാനമായി ഏകദിനത്തില്‍ കളിച്ചത്. അന്ന് സെഞ്ച്വറി നേടിയാണ് താരം തിരികെ കയറിയത്. എന്നാല്‍ പിന്നീട് 50 ഓവര്‍ ക്രിക്കറ്റില്‍ താരത്തിന് ഒരു അവസരവും ലഭിച്ചിട്ടില്ല.
നിലവില്‍ ശുഭ്മന്‍ ഗില്ലിന് പരിക്കുണ്ട്. കൂടാതെ, ഇന്ത്യന്‍ ടീം നടത്തിയ പല പരീക്ഷണങ്ങളും ഒഴിവാക്കുന്നതാണ് കഴിഞ്ഞ ദിവസം ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ കണ്ടത്. അത് ഫെബ്രുവരിയില്‍ ലോകകപ്പ് നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ്. ആ മാറ്റം എല്ലാ മേഖലയിലും എടുക്കാന്‍ തീരുമാനിച്ചാല്‍ ഏകദിനത്തിലേക്ക് ഒരു തിരിച്ചുവരവ് സഞ്ജുവിന് മുന്നില്‍ വലിയ വെല്ലുവിളിയായേക്കില്ല.
Content Highlight: Sanju Samson included in Kerala Team for Vijay Hazare Trophy; will it help him to return Indian ODI team