ഐ.പി.എല്ലിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ചുരുങ്ങാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 28ന് ആരംഭിക്കുന്ന ക്രിക്കറ്റ് മാമങ്കത്തിന്റെ ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയാണ് വേദി. 18 വര്‍ഷത്തിന് ശേഷം ഇതാദ്യമാണ് ചിന്നസ്വാമി ഓപ്പണിങ് മാച്ചിന് വേദിയാകുന്നത്.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ആര്‍.സി.ബിയുടെ കിരീടധാരണം. 18 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വിരാട് കോഹ്‌ലിയും ഐ.പി.എല്‍ ട്രോഫിയില്‍ മുത്തമിട്ടു.
കിരീടവുമായി റോയല്‍ ചലഞ്ചേഴ്‌സ് . Photo: IPL/x.com
ഈ വിജയത്തോടെ ആര്‍.സി.ബി ഇതിഹാസം ഒരു ലിസ്റ്റില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഫൈനല്‍ വിജയിക്കാതെ ഏറ്റവുമധികം മത്സരം കളിച്ച താരമെന്ന ‘നേട്ടമായിരുന്നു’ കിങ് കോഹ്‌ലിയുടെ പേരിലുണ്ടായിരുന്നത്. ആദ്യ സീസണായ 2008 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നിട്ടും ഫൈനലുകള്‍ കളിച്ചിട്ടും കിരീടം മാത്രം വിരാടില്‍ നിന്നും അകന്നുനിന്നു. എന്നാല്‍ 2025ല്‍, ഐ.പി.എല്ലിന്റെ 18ാം സീസണില്‍ കിരീടത്തില്‍ മുത്തമിട്ട് വിരാട് തന്റെ ഐ.പി.എല്‍ കരിയര്‍ സമ്പൂര്‍ണമാക്കുകയും ചെയ്തു.
കിരീടവുമായി വിരാട്
കഴിഞ്ഞ വര്‍ഷം വിരാട് പടിയിറങ്ങിയ ലിസ്റ്റില്‍ നിന്നും തന്റെ പേരും വെട്ടാനുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസണ്‍. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം ഫൈനല്‍ കളിക്കുകയും ഏറ്റവുമധികം കിരീടം നേടുകയും ചെയ്ത ടീമിനൊപ്പം പുതിയ സീസണില്‍ കളത്തിലിറങ്ങുമ്പോള്‍ ഇതുവരെ ഫൈനല്‍ ജയിക്കാത്ത ചീത്തപ്പേര് മായ്ച്ചു കളയുക എന്ന ലക്ഷ്യവും സഞ്ജുവിനുണ്ടാകും.
സഞ്ജു സാംസണ്‍. Photo: CSK/x.com
നിലവില്‍ ഫൈനല്‍ വിജയിക്കാതെ ഏറ്റവുമധികം മത്സരം കളിച്ച രണ്ടാമത് താരവും ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ ഒന്നാമനുമാണ് സഞ്ജു. ഇതിഹാസ താരം എ.ബി ഡി വില്ലിയേഴ്‌സാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍.
(താരം – മത്സരം എന്നീ ക്രമത്തില്‍)
എ.ബി. ഡി വില്ലിയേഴ്സ് – 184
സഞ്ജു സാംസണ്‍ – 177
യൂസ്വേന്ദ്ര ചഹല്‍ – 174
അമിത് മിശ്ര – 162
അക്സര്‍ പട്ടേല്‍ – 162
കെ.എല്‍. രാഹുല്‍ – 145
ക്രിസ് ഗെയ്ല്‍ – 142
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 141
സന്ദീപ് ശര്‍മ – 137
റിഷബ് പന്ത് – 125
സഞ്ജു സാംസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവരുടെ പേരില്‍ ഐ.പി.എല്‍ കിരീടങ്ങളുണ്ടെങ്കിലും ഇവര്‍ ഒരിക്കല്‍പ്പോലും ഫൈനല്‍ വിജയിച്ചിട്ടില്ല.
2012ലായിരുന്നു സഞ്ജുവിന്റെ കിരീടനേട്ടം. ആ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്‌ക്വാഡിനൊപ്പമായിരുന്നു സഞ്ജുവുണ്ടായിരുന്നത്. സീസണില്‍ ടീമിനായി ഒറ്റ മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സാധിച്ചില്ലെങ്കിലും കെ.കെ.ആറിനൊപ്പം കിരീടമണിയാന്‍ സഞ്ജുവിന് സാധിച്ചു. മുംബൈയ്ക്കൊപ്പമായിരുന്നു മറ്റ് താരങ്ങളുടെ നേട്ടം.
2022 എഡിഷനിലെ ഫൈനലാണ് കളിച്ച മത്സരങ്ങളില്‍ സഞ്ജുവിന്റെ ഏറ്റവും വലിയ നേട്ടം. അന്ന് ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് കിരീടം അടിയറവ് വെക്കുകയായിരുന്നു.
ഇത്തവണ ഐ.പി.എല്ലിലെ ഏറ്റവും സക്സസ്ഫുള്‍ ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമാണ് സഞ്ജു കളത്തിലിറങ്ങുന്നത്. രാജസ്ഥാനില്‍ നിന്നും സ്വാപ് ഡീലിന്റെ ഭാഗമായാണ് സാംസണ്‍ മഞ്ഞക്കുപ്പായത്തിലെത്തിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കിയാണ് സൂപ്പര്‍ കിങ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്.
സീസണില്‍ തന്റെ പഴയ ടീമിനെതിരെയാണ് സഞ്ജു ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുക എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.
Content Highlight: Sanju Samson is the second player in IPL history to have played the most matches without winning the final.