| Sunday, 21st June 2026, 7:01 am

സ്വന്തം നായകൻ പുറകിൽ; ചരിത്രത്തിൽ രണ്ടാമനായാണ് സഞ്ജുവിന്റെ വരവ്

സുദേവ് എ

ഇന്ത്യ-അയര്‍ലന്‍ഡ് ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അയര്‍ലാന്‍ഡിനെതിരെ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക. ജൂണ്‍ 26നാണ് ആദ്യ മത്സരം നടക്കുന്നത് രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. ഐ.പി.എല്ലിന് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളത്തിലിറങ്ങുന്ന പരമ്പര കൂടിയാണിത്. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഒരു വമ്പന്‍ റെക്കോഡുമായാണ് സഞ്ജു ഐറിഷ് പടക്കെതിരെ കളത്തിലിറങ്ങുന്നത്. ടി-20യില്‍ അയര്‍ലാന്‍ഡിനെതിരെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം സഞ്ജു സാംസണാണ്. 2022ല്‍ നടന്ന പരമ്പരയില്‍ 77 റണ്‍സായിരുന്നു സഞ്ജു അയര്‍ലാന്‍ഡിനെതിരെ അടിച്ചെടുത്തത്.

ദീപക് ഹൂഡ

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ദീപക് ഹൂഡയാണ്. 2022ലെ ഇതേ പരമ്പരയില്‍ 104 റണ്‍സ് നേടിയാണ് ഹൂഡ തിളങ്ങിയത്. ടി-20യില്‍ അയര്‍ലാന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ഏക താരവും ഹൂഡയാണ്. ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദാണ് ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. 2023ല്‍ 53 റണ്‍സാണ് സി.എസ്.കെ നായകന്‍ സ്വന്തമാക്കിയത്.

അതേസമയം 2026 ഐ.പി.എല്ലില്‍ സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററായി മാറാന്‍ സഞ്ജുവിന് സാധിച്ചു.

14 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് സഞ്ജു നേടിയത്. ഈ മിന്നും പ്രകടനം അയര്‍ലാന്‍ഡിനെതിരെയും സഞ്ജു ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Photo: IndianPremierLeague/x.com

അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Content Highlight: Sanju Samson is the second Indian player to score the highest individual runs against Ireland in T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more