2026 ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കിയത്. 53 പന്തില്‍ 104 റണ്‍സ് നേടിയാണ് ഗില്‍ തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഗുജറാത്ത് നായകന്റെ ഇന്നിങ്‌സ്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഗുജറാത്ത് നായകന്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ ടീം 200+ റണ്‍സ് നേടിയ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായാണ് ഗില്‍ മാറിയത്. മൂന്നാം തവണയാണ് ഗില്‍ 200+ ടീം ടോട്ടലില്‍ സെഞ്ച്വറി കടക്കുന്നത്.
ഗില്ലിന്റെ അഞ്ചാം ഐ.പി.എല്‍ സെഞ്ച്വറിയായിരുന്നു ഇത്. മൂന്ന് സെഞ്ച്വറികള്‍ ഇത്തരത്തില്‍ നേടിയ ഗുജറാത്ത് താരം സായ് സുദര്‍ശന്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്‌ലി എന്നിവര്‍ക്കൊപ്പമാണ് ഗില്‍.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണാണ്. നാല് സെഞ്ച്വറി കളാണ് സഞ്ജു 200+ ടീം ടോട്ടലില്‍ അടിച്ചെടുത്തത്. ഐ.പി.എല്ലില്‍ അഞ്ച് സെഞ്ച്വറികളാണ് സഞ്ജു നേടിയത്. ഈ സീസണില്‍ രണ്ട് സെഞ്ച്വറികളും സഞ്ജു അടിച്ചെടുത്തു.
ഗില്ലിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശനും ഗുജറാത്തിനായി തിളങ്ങി. 32 പന്തില്‍ നിന്നും എട്ട് ഫോറുകളും ഒരു സിക്‌സുമടക്കം 58 റണ്‍സാണ് ആണ് സുദര്‍ശന്‍ നേടിയത്.
മറുഭാഗത്ത് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.
മെയ് 31ണ് കലാശപ്പോരാട്ടം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികള്‍.
Content Highlight: Sanju Samson is the player with the most centuries in the IPL for a team total of 200+.