2026 ഐ.പി.എല്‍ ആവേശകരമായി അവസാനിക്കുമ്പോള്‍ ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നിലനിര്‍ത്തിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ കിരീട നേട്ടം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ ഐ.പി.എല്‍ സീസണ്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും ഏറെ സ്പെഷ്യലാണ്. മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനം കണ്ട സീസണ്‍ കൂടിയായിരുന്നു ഇത്. രാജസ്ഥാനൊപ്പമുള്ള നീണ്ട വര്‍ഷക്കാലത്തെ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്.
ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയിട്ടും ആദ്യ ഐ.പി.എല്‍ കിരീടമെന്ന സഞ്ജുവിന്റെ സ്വപ്നം ഇത്തവണയും അകലെയാണ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ക്യാപ്റ്റനായി 2022ല്‍ ഫൈനല്‍ വരെ മുന്നേറിയെങ്കിലും സഞ്ജുവിന് കിരീടം നഷ്ടമാവുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടാണ് സഞ്ജുവിന് കിരീടം നഷ്ടമായത്. ചെന്നൈക്കും രാജസ്ഥാനും പുറമെ ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിച്ചിട്ടും സഞ്ജുവിന് കിരീടം നേടാനായില്ല.
സഞ്ജു സാംസൺ. Photo: Johns/x.com
ഈ സീസണിലും സഞ്ജു കിരീടമില്ലാത്ത മടങ്ങുമ്പോള്‍ ഒരു നിര്‍ഭാഗ്യ ലിസ്റ്റിലും മലയാളി താരം ഒന്നാമനായിരിക്കുകയാണ്. ഐ.പി.എല്ലില്‍ കിരീടം നേടാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായാണ് ചെന്നൈ വിക്കറ്റ് കീപ്പര്‍ മാറിയത്. 191 മത്സരങ്ങളിലാണ് സഞ്ജു കിരീടമില്ലാതെ കളത്തിലിറങ്ങിയത്. 188 മത്സരങ്ങള്‍ കളിച്ച പഞ്ചാബ് കിങ്സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് പട്ടികയിലെ രണ്ടാമന്‍.
സഞ്ജു സാംസണ്‍-191
യുസ്വേന്ദ്ര ചഹല്‍-188
എ.ബി ഡിവില്ലിയേഴ്‌സ്-184
അക്സര്‍ പട്ടേല്‍-176
അമിത് മിശ്ര-162
കെ.എല്‍ രാഹുല്‍-159
സന്ദീപ് ശര്‍മ-143
ക്രിസ് ഗെയ്ല്‍-142
സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു. മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.
Photo: IndianPremierLeague/x.com
ഐ.പി.എല്ലിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സീസണ്‍ കൂടിയായിരുന്നു 2026. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ പിറന്ന സീസണ്‍ ആയിരുന്നു ഇത്. ഐ.പി.എല്‍ 19ാം എഡിഷനില്‍ പിറന്നത് 15 സെഞ്ച്വറികളാണ്. ഈ സീസണ്‍ തകര്‍ത്തെറിഞ്ഞത് 2024ല്‍ കുറിക്കപ്പെട്ട 14 സെഞ്ച്വറികളുടെ റെക്കോഡായിരുന്നു.
ഈ സീസണിലെ 15 സെഞ്ച്വറികളില്‍ ഒന്നിലധികം സെഞ്ച്വറി നേടിയത് മലയാളി താരം സഞ്ജു സാംസണ്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.
Content Highlight: Sanju Samson is the player most matches played without win an IPL trophy