ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരെ പരാജയപ്പെടുത്തി കരീബിയന്‍സ് കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ടിലാണ് സ്‌കോറിങ്ങിന് അടിത്തറയൊരുക്കിയത്. 41 പന്ത് നേരിട്ട് 200.00 സ്‌ട്രൈക് റേറ്റില്‍ 82 റണ്‍സാണ് സഞ്ജു നേടിയത്. ഒമ്പത് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഷമര്‍ സ്പ്രിംഗറിന്റെ പന്തില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച സഞ്ജുവിന് പിഴയ്ക്കുകയും ബൗണ്ടറി ലൈനിന് സമീപം കാമില്‍ പൂരന്റെ കൈകളിലൊതുങ്ങുകയുമായിരുന്നു.
ഇതോടെ ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് തവണ 80കളില്‍ പുറത്താകുന്ന ആദ്യ ഫുള്‍ മെമ്പര്‍ നേഷന്‍ താരമായിരിക്കുകയാണ് സഞ്ജു.
ഈ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുകയും കിരീടം നേടുകയും ചെയ്ത ടി-20 ലോകകപ്പിലാണ് ഇതിന് മുമ്പ് രണ്ട് തവണ സഞ്ജു 80കളില്‍ പുറത്തായകത്.
Photo: BCCI/x.com
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. ഏഴ് സിക്‌സറും എട്ട് ഫോറും അടക്കം 211.90 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ന്യൂസിലാന്‍ഡിനെതിരായ കലാശപ്പോരാട്ടത്തിലും സഞ്ജു 46 പന്തില്‍ 89 റണ്‍സ് നേടി. എട്ട് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് തവണ 80കളുടെ ചതിക്കുഴിയില്‍ വീണ് സഞ്ജുവിന് സെഞ്ച്വറി നഷ്ടപ്പെട്ടപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സഞ്ജു സ്ഥാപിച്ച ഒരു ചരിത്ര നേട്ടം കൂടി ചര്‍ച്ചയിലേക്കുയരുകയാണ്.
ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണിത്.
2024ല്‍ ബംഗ്ലാദേശിനെതിരെ ഹൈദരാബാദിലാണ് സഞ്ജു സെഞ്ച്വറി വേട്ട ആരംഭിച്ചത്. ഒക്ടോബര്‍ 12ന് നടന്ന മത്സരത്തില്‍ 47 പന്തില്‍ 111 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനും സഞ്ജുവിന് സാധിച്ചു.
Photo: BCCI/x.com
ശേഷം നവംബറില്‍ നടന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് സഞ്ജുവിന്റെ ശേഷിച്ച രണ്ട് സെഞ്ച്വറികളും പിറന്നത്. ജോഹനാസ്‌ബെര്‍ഗില്‍ പുറത്താകാതെ 109 റണ്‍സ് നേടിയ സഞ്ജു, ഡര്‍ബനില്‍ 107 റണ്‍സും അടിച്ചെടുത്തു. ഇതോടെയാണ് ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടം സഞ്ജുവിനെ തേടിയെത്തിയത്.
Photo: BCCI/x.com
അതേസമയം, റാഞ്ചിയിലേറ്റ തോല്‍വിക്ക് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യയും വിന്‍ഡീസും 1-1ന് ഒപ്പമെത്തിയിരിക്കുകയാണ്.
ഒക്ടോബര്‍ 11നാണ് പരമ്പരയിലെ മൂന്നാം മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി.
Content Highlight: Sanju Samson is the first batter from a full-member nation to be dismissed in the 80s three times in a calendar year.