ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് ചെന്നൈ സൂപ്പര്‍ കിങ്സിന് സ്വന്തമാക്കിയത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ വിജയം കീഴടക്കിയത്. ഇതോടെ അഞ്ച് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുകളാണ് ചെന്നൈ നേടിയത്. എന്നാല്‍ ആറാം സ്ഥാനത്ത് തുടരുകയാണ് യെല്ലോ ആര്‍മി.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. പുറത്താവാതെ 52 പന്തില്‍ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറും ആറ് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.
ഇതോടെ ദല്‍ഹിക്കെതിരെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലിലെ ഒരു സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സഞ്ജു തൂക്കിയത്. 2020ല്‍ ഇഷാന്‍ കിഷന്‍ നേടിയ 188 റണ്‍സാണ് സഞ്ജു മറികടന്നത്. മാത്രമല്ല വിരാട് കോഹ്‌ലിയെയും മുന്‍ താരം എ.ബി. ഡി വില്ലിയേഴ്‌സിനെയുമെല്ലാ വെട്ടിയാണ് സഞ്ജുവിന്റെ കുതിപ്പ്.
സഞ്ജു സാംസണ്‍ – 202 – 2026*
ഇഷാന്‍ കിഷന്‍ – 188 – 2020
മായങ്ക അഗര്‍വാള്‍ – 168 – 2021
വിരാട് കോഹ്‌ലി – 164 – 2013
എ.ബി. ഡി വില്ലിയേഴ്‌സ് – 2018
സ്ജുവിന് പുറമെ കാര്‍ത്തിക ശര്‍മ 31 പന്തില്‍ പുറത്താവാതെ 41 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. നാല് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്ക് വേണ്ടി സമീര്‍ റിസ്‌വിയും ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് മികച്ച പ്രകടനം നടത്തിയത്. റിസ്‌വി 24 പന്തില്‍ 40 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് സിക്സുകളാണ് താരം സ്വന്തമാക്കിയത്. സ്റ്റബ്സ് 31 പന്തില്‍ ഒരു ഫോറും രണ്ട് സിക്സുകളും അടക്കം 38 റണ്‍സും സ്വന്തമാക്കി.
സി.എസ്.കെ ബൗളിങ്ങില്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും ഗുര്‍ജ്‌നീത് സിങ്, ജെയ്മി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗദരി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മെയ് 10ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി. മറുഭാഗത്ത് മെയ് എട്ടിനാണ് ക്യാപ്പിറ്റല്‍സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.
Content Highlight: Sanju Samson In Great Record Against Delhi Capitals In IPL