ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി-20 കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കിവീസിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും കിരീടമണിഞ്ഞത്.
ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീമാകാനും ബാക് ടു ബാക് ടി-20 കിരീടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.
സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ഇതിനെല്ലാം പുറമെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആകുന്ന ആദ്യത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് സഞ്ജു തന്റെ പേരിലാക്കിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു.
(വര്‍ഷം – താരം – ടീം എന്നീ ക്രമത്തില്‍)
2007 – ഷാഹിദ് അഫ്രീദി – പാകിസ്ഥാന്‍
2009 – തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക
2010 – കെവിന്‍ പീറ്റേഴ്‌സണ്‍ – ഇംഗ്ലണ്ട്
2012 – ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ
2014 – വിരാട് കോഹ്‌ലി – ഇന്ത്യ
2016 – വിരാട് കോഹ്‌ലി – ഇന്ത്യ
2021 – ഡേവിഡ് വാര്‍ണര്‍ – ഓസ്ട്രേലിയ
2022 – സാം കറന്‍ – ഇംഗ്ലണ്ട്
2024 – ജസ്പ്രീത് ബുംറ – ഇന്ത്യ
2026 – സഞ്ജു സാംസണ്‍ – ഇന്ത്യ*
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89ഉം നേടിയിരുന്നു.
Content Highlight: Sanju Samson In Great Record Achievement In T20 World Cup History