| Tuesday, 10th March 2026, 5:00 pm

വെട്ടിക്കൂട്ടിയത് സ്വന്തം ആശാനെ; സഞ്ജുവിന്റെ വെടിക്കെട്ടില്‍ തകര്‍ന്ന് ഗംഭീറും!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ലോകകപ്പില്‍ നിന്ന് വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് മിന്നും പ്രകടനം നടത്തി സഞ്ജു ഒരു വെടിക്കെട്ട് റെക്കോഡും തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. വിജയകരമായ ഒരു ലോകകപ്പ് സീസണില്‍ ഇന്ത്യയ്ക്കായി ടീം സ്‌കോറിന്റെ ഏറ്റവും കൂടുതല്‍ ശതമാനം നല്‍കുന്ന താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. ലിസ്റ്റില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ മറികടന്നാണ് സഞ്ജു ഒന്നാമനായത്.

വിജയകരമായ ഒരു ലോകകപ്പ് സീസണില്‍ ഇന്ത്യയ്ക്കായി ടീം സ്‌കോറിന്റെ ഏറ്റവും കൂടുതല്‍ ശതമാനം നല്‍കുന്ന താരം, ശതമാനം (വര്‍ഷം) എന്ന ക്രമത്തില്‍

സഞ്ജു സാംസണ്‍ – 28.7% (2026)

ഗൗതം ഗംഭീര്‍ – 23.1% (2007)

രോഹിത് ശര്‍മ – 21.4% (2024)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 20.6% (2011)

കപില്‍ ദേവ് – 19.3% (1983)

ഇഷാന്‍ കിഷന്‍ – 18.2% (2026)

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89ഉം നേടിയിരുന്നു.

Content Highlight: Sanju Samson In Great Record Achievement In T20 World Cup 2026 For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more