സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്രയും കേരളവും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. എകാന ബി ഗ്രൗണ്ട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആന്ധ്ര കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് കേരളത്തിന് നേടാന്‍ സാധിച്ചത്.
വമ്പന്‍ ബാറ്റിങ് തകര്‍ച്ചയിലും കേരളത്തെ മുന്നോട്ട് കൊണ്ടുപോയത് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനമാണ്. ടീമിന് വേണ്ടി 56 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 73 റണ്‍സാണ് താരം അടിച്ചെടുത്തത്.
Sanju Somson, Photo: x.com
ഒരു വശത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും സമയോചിതമായ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. പുറത്താകാതെ ഇടവേളകളില്‍ ബൗണ്ടറിയടിച്ചും അവസാന ഘട്ടത്തില്‍ മാക്‌സിമം കണ്ടെത്തിയും സഞ്ജു എന്ന പോരാളി എതിരാളികളുടെ ആക്രമണത്തെ കൃത്യമായി പ്രതിരോധിച്ചു.
അതേസമയം സഞ്ജുവിനൊപ്പം ഏഴ് റണ്‍സ് നേടി ബിജു നാരായണനും ക്രീസില്‍ നിന്നു. മത്സരത്തില്‍ സഞ്ജുവിന് പുറമെ 13 റണ്‍സ് നേടിയ നിതീഷ് എം.ഡിയാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും രണ്ടക്കം നേടാന്‍ സാധച്ചിരുന്നില്ല.
കേരളത്തെ വലിഞ്ഞുമുറുക്കിയ ബൗളിങ് അറ്റാക്കായിരുന്നു ആന്ധ്ര പുറത്തെടുത്തത്. ഇന്നിങ്‌സിലെ നാലാം ഓവറില്‍ രോഹന്‍ കുന്നുമ്മലിനെ രണ്ട് റണ്‍സിന് കൂടാരം കയറ്റിയാണ് ആന്ധ്ര തുടങ്ങിയത്. പി. രാജുവാണ് രോഹനെ മടക്കിയത്. പിന്നീട് ഏഴാം ഓവറില്‍ മുഹമ്മദ് അസറുദ്ദീനെ ആറ് റണ്‍സിന് പുറത്താക്കി ആന്ധ്ര വീണ്ടും വിക്കറ്റ് വേട്ട തുടങ്ങി. ബൈലപുടി യശ്വന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു താരം.
പിന്നീട് കൃത്യമായ ഇടവേളകളില്‍ കേരളാ താരങ്ങളുടെ വിക്കറ്റ് വീഴ്ത്താന്‍ ആന്ധ്രയുടെ ഷാര്‍പ്പ് ബൗളര്‍മാര്‍ക്ക് സാധിച്ചു. ആന്ധ്രയ്ക്ക് വേണ്ടി പി. രാജു, സൗരഭ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോല്‍ കെ.വി. ശശികാന്ത്, പൃഥ്വി രാജ്, ബൈലപുടി യശ്വന്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Sanju Samson In Great Performance Against Andhra Pradesh