2024 സമ്മാനിച്ച കരുത്തും ഊര്‍ജവുമായി പുതിയ വര്‍ഷം ആരംഭിച്ച സഞ്ജു സാംസണ് ഏറെ നിരാശയാണ് 2025 സമ്മാനിച്ചത്. മോശം ഫോമും കൈവിരലിനേറ്റ പരിക്കും ഐ.പി.എല്ലില്‍ വീണ്ടും പരിക്കേറ്റതും ടീമില്‍ ശുഭ്മന്‍ ഗില്ലിനെ ഉള്‍ക്കൊള്ളിക്കാനായി ഓപ്പണിങ് സ്ഥാനം തട്ടിമാറ്റിയതുമെല്ലാം ആരാധകര്‍ക്ക് ഏറെ നിരാശയാണ് സമ്മാനിച്ചത്.
ഏഷ്യാ കപ്പില്‍ ഒമാനെതിരായ പ്ലെയര്‍ ഓഫ് ദി മാച്ചും ഫൈനലില്‍ തിലക് വര്‍മയ്‌ക്കൊപ്പമുള്ള കൂട്ടുകെട്ടും ഒഴിച്ചുനിര്‍ത്തിയാല്‍ 2025ല്‍ എടുത്ത് പറയാന്‍ സഞ്ജുവിന്റെ പേരില്‍ ഒറ്റ പ്രകടനം പോലുമില്ല.
2024ല്‍ മൂന്ന് സെഞ്ച്വറിയുടെ അകമ്പടിയോടെ 436 റണ്‍സ് നേടിയ സഞ്ജു 2025ല്‍ 185 റണ്‍സ് മാത്രമാണ് നേടിയത്. 43.60 എന്ന ശരാശരി 18.50ലേക്ക് കൂപ്പുകുത്തി. 180.16 എന്ന സ്‌ട്രൈക്ക് റേറ്റാകട്ടെ 120.91ലേക്കും വീണു.
2025 അവസാനിക്കാനിരിക്കെ ഒരു മോശം പട്ടികയില്‍ സഞ്ജുവിന്റെ പേരാണ് ഒന്നാമതുള്ളത്. ടീം സ്‌ട്രൈക് റേറ്റിനേക്കാള്‍ ഏറ്റവും കുറവ് വ്യക്തിഗത സ്‌ട്രൈക് റേറ്റുള്ള താരമാണ് സഞ്ജു. 2025ല്‍ ഇന്ത്യയുടെ പ്രഹരശേഷിയേക്കാള്‍ 23 കുറവാണ് സഞ്ജുവിന്റെ പേരിലുള്ളത്.
സഞ്ജു മാത്രമല്ല, ഈ പട്ടികയില്‍ ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ താരങ്ങളും ഇടം നേടിയിട്ടുണ്ട്.
2025ല്‍ ടീമുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും മോശം സ്‌ട്രൈക് റേറ്റ്
(താരം – ടീം – ടീമിനേക്കാള്‍ സ്‌ട്രൈക് റേറ്റ് എത്ര കുറവ് എന്ന ക്രമത്തില്‍)
സഞ്ജു സാംസണ്‍ – ഇന്ത്യ – -23
അക്‌സര്‍ പട്ടേല്‍ – ഇന്ത്യ – -19
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – -17
തൗഹിദ് ഹൃദോയ് – ബംഗ്ലാദേശ് – -16
തിലക് വര്‍മ – ഇന്ത്യ – -15
*ചുരുങ്ങിയത് പത്ത് ഇന്നിങ്‌സ്
മോശം സ്‌ട്രൈക് റേറ്റില്‍ ഇന്ത്യന്‍ താരമായ സഞ്ജു സാംസണാണ് മുമ്പിലെങ്കിലും ഏറ്റവും മികച്ച സ്‌ട്രൈക് റേറ്റില്‍ മറ്റൊരു ഇന്ത്യന്‍ താരമായ അഭിഷേക് ശര്‍മയാണ് ഒന്നാമത്. ഇന്ത്യന്‍ ടീമിനേക്കാള്‍ 51 കൂടുതലാണ് അഭിഷേകിന്റെ സ്‌ട്രൈക് റേറ്റ്.
ഈ വര്‍ഷം 17 ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടക്കം 756 റണ്‍സാണ് അഭിഷേക് സ്വന്തമാക്കിയത്. 196.36 ആണ് അഭിഷേകിന്റെ സ്‌ട്രൈക് റേറ്റ്.
2025ല്‍ ടീമുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും മികച്ച സ്‌ട്രൈക് റേറ്റ്
(താരം – ടീം – ടീമിനേക്കാള്‍ സ്‌ട്രൈക് റേറ്റ് എത്ര കൂടുതല്‍ എന്ന ക്രമത്തില്‍)
അഭിഷേക് ശര്‍മ – ഇന്ത്യ – +51
ഡെവാള്‍ഡ് ബ്രെവിസ് – സൗത്ത് ആഫ്രിക്ക – +48
ടിം ഡേവിഡ് – ഓസ്‌ട്രേലിയ – +47
ഹസന്‍ നവാസ് – പാകിസ്ഥാന്‍ – +26
ഫില്‍ സാള്‍ട്ട് – ഇംഗ്ലണ്ട് – +23
ഈ മോശം നേട്ടത്തില്‍ നിന്നും കരകയറാനും സഞ്ജുവിന് അവസരമുണ്ട്. സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനമാണ് ഇന്ത്യയുടെ അടുത്ത ടി-20 ക്യാമ്പെയ്ന്‍. ഈ പരമ്പരയില്‍ തിളങ്ങിയാല്‍ വിമര്‍ശകരുടെ വായടപ്പിക്കാനും തിരിച്ചുവരാനും താരത്തിന് സാധിക്കും.
Content highlight: Sanju Samson has world strike rate difference (w.r.t. team) in T20Is in 2025