2026 ഐ.പി.എല്ലില്‍ മലയാളി താരം സഞ്ജു സാംസണിന് മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയ താരത്തിന് മഞ്ഞ ജേഴ്‌സിയിലെ അരങ്ങേറ്റത്തില്‍ നിരാശയായിരുന്നു ഫലം. ആര്‍. ആറിനെതിരെയുള്ള ആദ്യ മത്സരത്തില്‍ വെറും ആറ് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ടി – 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിജയശില്പിയായ സഞ്ജു രണ്ടാം മത്സരത്തിലെങ്കിലും ഫോമിലേക്ക് എത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, ചെപ്പോക്കിലെ അരങ്ങേറ്റത്തിലും മലയാളി വിക്കറ്റ് കീപ്പര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല.
സഞ്ജു സാംസൺ. Photo: Johns/x.com
സീസണില്‍ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ സഞ്ജു രണ്ടാം ഓവറില്‍ തന്നെ മടങ്ങി. വെറും ഏഴ് പന്ത് മാത്രം നേരിട്ട താരം നേടിയതും അത്ര തന്നെ റണ്‍സാണ്. താരത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവര്‍ക്ക് ഇത് വലിയ നിരാശയാണ് സമ്മാനിച്ചത്.
എന്നാല്‍, രണ്ടാം മത്സരത്തിലും ചേട്ടന്‍ പരാജയപ്പെട്ടത് മാത്രമല്ല, ചെപ്പോക്കിലെ താരത്തിന്റെ കണക്കുകളും ആരാധകര്‍ക്ക് ആശങ്കയാണ്. ഐ.പി.എല്ലില്‍ ആറ് ഇന്നിങ്സിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ചെപ്പോക്കില്‍ കളിച്ചത്.
ഈ മത്സരങ്ങളില്‍ നിന്ന് സഞ്ജുവിന്റെ സമ്പാദ്യം വെറും 66 റണ്‍സാണ്. ചെപ്പോക്കില്‍ 100.00 സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. ഈ വേദിയില്‍ 31കാരന്റെ ശരാശരിയാകട്ടെ വെറും 11മുമാണ്. ഹോം ഗ്രൗണ്ടിലെ ചേട്ടന്റെ ഈ മോശം റെക്കോഡ് താരത്തിന്റെ ചെന്നൈ പ്രവേശനം ആഘോഷിച്ചവര്‍ക്ക് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്.
സഞ്ജു സാംസൺ. Photo: Johns/x.com
ചെപ്പോക്കിലെ സ്റ്റാറ്റ്‌സ് മോശമാണെങ്കിലും സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അടുത്ത മത്സരങ്ങളില്‍ മലയാളി താരം തിളങ്ങുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
സഞ്ജുവും സി. എസ്. കെയും നാളെയാണ് (ഏപ്രില്‍ നാല്) അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
Content Highlight: Sanju Samson has only scored 66 runs from 6 innings at Chepauk in IPL