| Thursday, 4th December 2025, 3:14 pm

ഒന്നൊന്നര മുന്നറിയിപ്പ്, മുംബൈയെ ചാരമാക്കി സഞ്ജുവും കൂട്ടരും; ജിതേഷിനേക്കാള്‍ മുന്നില്‍ മലയാളി പവര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ തകര്‍ത്ത് കേരളം. ഏകാനാ ക്രിക്കറ്റ് സ്റ്റേഡിയം ബി. ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിന്റെ വിജയമാണ് സഞ്ജുവും സംഘവും നേടിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

Sanju Somson, Photo: x.com

കേരളത്തിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു. 28 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരം മുതല്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ 51* റണ്‍സും റെയ്ല്‍വേയ്സിനെതിരെ 19 റണ്‍സും ചത്തീസ്ഗഢിനെതിരെ 43 റണ്‍സുമായിരുന്നു സഞ്ജു നേടിയത്.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ വിദര്‍ഭയ്‌ക്കെതിരെ ഒരു റണ്‍സിന് പുറത്തായപ്പോള്‍ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ആശങ്ക ഉന്നയിച്ചിരുന്നു. പക്ഷെ വമ്പന്‍മാരായ മുംബൈയെ ചാരമാക്കിയാണ് സഞ്ജു തിരിച്ചുവന്നത്. മത്സരത്തിലെ ടോപ് സ്‌കോററും സഞ്ജുവായിരുന്നു. മാത്രമല്ല സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ ഇടം നേടിയ സഞ്ജു വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

അതേസമയം പ്രോട്ടിയാസിനെതിരെ സ്‌ക്വാഡില്‍ ഇടം നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാള്‍ ജിതേഷ് ശര്‍മയാണ്. എന്നാല്‍ സയ്യിദ് മുഷ്താഖ് അലിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 57 റണ്‍സാണ് ജിതേഷ് നേടിയത്.

ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് പ്രോട്ടിയാസിനെതിരെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. മാത്രമല്ല സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും വൈസ്‌ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ഇതുവരെ ലഭിക്കാത്തതുകൊണ്ട്, ഓപ്പണിങ് പൊസിഷനില്‍ സഞ്ജുവിന് സാധ്യതയേറുമെന്നതും ശുഭ സൂചനയാണ്.

അതേസമയം മുംബൈക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് പുറമെ വിഷ്ണു വിനോദ് 40 പന്തില്‍ നിന്ന് 43* റണ്‍സ് നേടി. ഷറഫുദ്ദീന്‍ 15 പന്തില്‍ 35* റണ്‍സ് നേടി വെടിക്കെട്ട് പ്രകടനവും നടത്തി. മുംബൈക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് സര്‍ഫറാസ് ഖാനാണ്. 40 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്.

Content Highlight: Sanju Samson Great Performance In Syed Mushtaq Ali Trophy

Latest Stories

We use cookies to give you the best possible experience. Learn more