ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ തകര്‍ത്തത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈക്ക് സാധിച്ചു.
മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരവും സഞ്ജു തന്നെയാണ്.
സഞ്ജുവിന്റെ ഈ സീസണിലെ പ്രകടനങ്ങള്‍ ചെന്നൈയുടെ വിജയങ്ങളില്‍ എത്രത്തോളം സ്വാധീനിച്ചുവെന്ന അമ്പരിപ്പിക്കുന്ന കണക്കുകളാണ് ഏറെ ശ്രദ്ധേയമാവുന്നത്. ഈ സീസണില്‍ സഞ്ജു 40 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത എല്ലാ മത്സരങ്ങളിലും ചെന്നൈ വിജയിച്ചിട്ടുണ്ട്. നാല് മത്സരങ്ങളിലാണ് സഞ്ജു 40 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇതില്‍ നാലിലും വിജയം ചെന്നൈക്കൊപ്പമായിരുന്നു.
ദല്‍ഹിക്കെതിരെയുള്ള കഴിഞ്ഞ ദിവസത്തെ മത്സരത്തിന് പുറമെ ആദ്യ മത്സരത്തില്‍ ദല്‍ഹിക്കെതിരെ സഞ്ജു സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ചെന്നൈ ജേഴ്‌സിയിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. ആദ്യ സെഞ്ച്വറിയിലൂടെ ടീമിന് വിജയം സമ്മാനിക്കാനും സഞ്ജുവിന് സാധിച്ചു.
മുംബൈ ഇന്ത്യന്‍സിനെതിരെയും സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരത്തിലും വിജയം സി.എസ്.കെക്കൊപ്പമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സഞ്ജു 48 റണ്‍സ് നേടിയും തിളങ്ങിയിരുന്നു. ഈ മത്സരത്തിലും ചെന്നൈ ജയിച്ചു കയറി. സഞ്ജു 40 കടന്ന മത്സരങ്ങളിലെല്ലാം 100 ശതമാനം വിജയവുമായാണ് ചെന്നൈ കുതിക്കുന്നത്.
സഞ്ജു 40 റണ്‍സില്‍ താഴെ പുറത്തായ സാഹചര്യങ്ങളില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ചെന്നൈക്ക് വിജയിക്കാന്‍ സാധിച്ചത്. മുംബൈ ഇന്ത്യസിനെതിരെയായിരുന്നു ചെന്നൈയുടെ വിജയം. രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈക്കെതിരെ 11 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്.
ആറ് മത്സരങ്ങളിലാണ് സഞ്ജു ഈ സീസണില്‍ 40 റണ്‍സില്‍ താഴെ സ്‌കോര്‍ ചെയ്യാതെ മടങ്ങിയത്. ഇതില്‍ അഞ്ച് മത്സരങ്ങളിലും ചെന്നൈ പരാജയമറിഞ്ഞു. സഞ്ജു 40 റണ്‍സിലധികം നേടാത്ത മത്സരങ്ങളില്‍ 16.7 ആണ് ചെന്നൈയുടെ വിജയശതമാനം.
ഈ സീസണില്‍ ചെന്നൈക്ക് വേണ്ടി 10 മത്സരങ്ങളില്‍ നിന്നും 402 റണ്‍സാണ് സഞ്ജു അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജുവിന്റെ സമ്പാദ്യം. ചെന്നൈയുടെ ഈ സീസണിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളതും സഞ്ജു തന്നെയാണ്. 251 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദാണ് സഞ്ജുവിന് പുറകിലുള്ളത്.
ഇപ്പോള്‍ ദല്‍ഹിയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയ ചെന്നൈക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും അതിനിര്‍ണായകമാണ്. സഞ്ജുവിന്റെ ഈ മിന്നും ഫോം വരാനിരിക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈക്ക് കരുത്തുപകരുമെന്നുറപ്പാണ്. മെയ് 10ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.
Content Highlight: Sanju Samson Great Impact in Chennai super kings ipl 2026