| Monday, 8th September 2025, 8:13 pm

റെക്കോഡ് ലേലത്തുക ബ്ലൂ ടൈഗേഴ്‌സിന്; സമ്മാനവുമായി സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

കെ.സി.എല്ലിന്റെ കലാശക്കൊട്ടില്‍ കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കന്നി കിരീടം സ്വന്തമാക്കിയിരുന്നു. ബ്ലൂ ടൈഗേഴ്‌സിന്റെ ഐക്കോണിക് താരമായ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് സെമി ഫൈനല്‍ മത്സരത്തിലും ഫൈനലിലും ടീം കളത്തിലിറങ്ങിയത്. റെക്കോഡ് തുകക്കായിരുന്നു സഞ്ജുവിനെ കൊച്ചി സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് ടൂര്‍ണമെന്റില്‍ ഇത്രയും തുക ഒരു താരത്തിന് ലഭിക്കുന്നത്.

ഇപ്പോള്‍ സഞ്ജു തനിക്ക് ലഭിച്ച 26.80 ലക്ഷം രൂപ കൊച്ചി താരങ്ങള്‍ക്കും പരിശീലകര്‍ക്കും സമ്മാനിച്ചിരിക്കുകയാണ്. കെ.സി.എല്ലില്‍ അവസാനം കളിച്ച നാല് മത്സരത്തിലും സഞ്ജു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റിന്റെ രണ്ടാം സീസണില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 368 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയതും. 186.80 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട്. 51 പന്തില്‍ 121, 46 പന്തില്‍ 89, 37 പന്തില്‍ 62, 41 പന്തില്‍ 83 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍

അതേസമയം സഹോദരന്‍ സാലി സാംസണിന്റെ നേതൃത്വത്തില്‍ 75 റണ്‍സിന്റ വിജയമാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. കാര്യവട്ടത്ത് നടന്ന കലാശക്കൊട്ടില്‍ ബ്ലൂ ടൈഗേഴ്സ് ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സെയ്ലേഴ്സ് 16.3 ഓവറില്‍ 106ന് പുറത്താകുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി വിനൂപ് മനോഹരന്റെ അര്‍ധ സെഞ്ച്വറിയുടെയും ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെ മികച്ച ഇന്നിങ്‌സിന്റെയും കരുത്തിലാണ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സിലെത്തിയത്.

മറുപടിക്കിറങ്ങിയ ഡിഫന്റിങ് ചാമ്പ്യന്‍മാരെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കൊച്ചി മത്സരം വരുതിയിലാക്കി. ഒടുവില്‍ ടീം സ്‌കോര്‍ 106ല്‍ നില്‍ക്കവെ അവസാന വിക്കറ്റും പീഴുതെറിഞ്ഞ് കൊച്ചി സെയ്ലേഴ്സിന്റെ രണ്ടാം കിരീടമെന്ന മോഹവും തല്ലിക്കെടുത്തുകയായിരുന്നു.

Content Highlight: Sanju Samson gifted the auction money to Kochi Blue Tigers

We use cookies to give you the best possible experience. Learn more