| Tuesday, 28th October 2025, 1:02 pm

സ്‌കൂള്‍ കായികമേള; റെക്കോഡിട്ട ദേവപ്രിയയെയും അതുലിനെയും ഏറ്റെടുത്ത് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 100 മീറ്ററില്‍ റെക്കോഡ് നേടിയ സി.എസ്.എച്ച് കാല്‍വരി മൗണ്ട് സ്‌കൂളിലെ ദേവപ്രിയ ഷൈബുവിനെയും, 100 മീറ്ററിലും 200 മീറ്ററിലും റെക്കോഡ് നേടിയ ചാരമംഗലം ഗവണ്‍മെന്റ് ഡി.വി.എച്ച്.എസ്.എസിലെ അതുല്‍ ടി.എമിനെയും സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കും. സഞ്ജു സാംസണ്‍ അയച്ച സന്ദേശം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയായിരുന്നു.

കുട്ടികള്‍ ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് നേടിയ നേട്ടമാണ് സഞ്ജു സാംസണിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും ശക്തമായ പിന്‍ബലം ഈ കുട്ടികളെ നാളെ ദേശീയ തലത്തിലേക്കും ഒളിംപിക് തലത്തിലേക്കും ഉയര്‍ത്തിയേക്കാമെന്നും പോസ്റ്റില്‍ പറയുന്നു.

സഞ്ജു സാംസണ്‍ ഫൗണ്ടേഷന്റെ കീഴില്‍ സംസ്ഥാന ദേശീയ തലത്തില്‍ ആവശ്യമായ യാത്രാതാമസ സൗകര്യങ്ങളും വേണ്ട നിര്‍ദേശങ്ങളും നല്‍കിക്കൊണ്ട് കുട്ടികള്‍ക്ക് ഒരു പ്രൊഫഷണല്‍ അത്ലറ്റിക് കോച്ചിന്റെ സൗകര്യം ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ച സന്ദേശത്തിലുണ്ട്.

ഇനിയുള്ള നേട്ടങ്ങളിലേക്ക് ഓടിയടുക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കി കുട്ടികളെ കേരളത്തിന്റെ അഭിമാനമാക്കി മാറ്റാന്‍ താനും സഞ്ജു സാംസണ്‍ ഫൗണ്ടേഷനും ഒപ്പമുണ്ടാകുമെന്നാണ് സഞ്ജുവിന്റെ സന്ദേശത്തിലുണ്ടായിരുന്നു. കായിക മേളയില്‍ തിരുവനന്തപുരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് സഞ്ജു.

Content Highlight: Sanju Samson Foundation takes on Devapriya and Atul, who set records at school sports meet
We use cookies to give you the best possible experience. Learn more