ന്യൂസിലാന്‍ഡിന് എതിരെ ഒരിക്കല്‍ കൂടി നിരാശപ്പടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടി – 20 പരമ്പരയില്‍ പരാജയപ്പെടുന്ന താരം ആരാധകര്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഓപ്പണിങ് സ്‌പോട്ടിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ കിവീസിന് എതിരെ വിക്കറ്റ് കീപ്പര്‍ താരത്തിന് ബാറ്റ് കൊണ്ട് തിളങ്ങാന്‍ സാധിച്ചിട്ടില്ല.
കിവീസിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു ഏഴ് പന്തില്‍ 10 റണ്‍സ് മാത്രമാണ് എടുത്തത്. രണ്ടാം ടി – 20 യിലും താരത്തിന് അഞ്ച് പന്തില്‍ വെറും ആറ് റണ്‍സ് മാത്രമായിരുന്നു എടുക്കാന്‍ സാധിച്ചത്. മൂന്നാം മത്സരത്തില്‍ താരം അതിലും പരിതാപകരമായ നിലയിലാണ്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായാണ് മലയാളി താരം തിരികെ നടന്നത്.
സഞ്ജു സാംസണ്‍. Photo: Team Samson/x.com
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഞ്ജുവിന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്തത് വലിയ ആശങ്കയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. ഏറെ കാത്തിരിപ്പിനും അവഗണനകള്‍ക്കും ശേഷം കൈവന്ന ഓപ്പണിങ് സ്‌പോട്ടും ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമാവുമോ എന്ന ചോദ്യമാണ് തന്നെയാണ് അതിന് കാരണം.
തുടരെ ബാറ്റിങ്ങില്‍ പരാജയപ്പെട്ടാല്‍ സഞ്ജുവിന് ലോകകപ്പിലെ ഓപ്പണിങ് സ്ഥാനം എന്ന സ്വപ്നം വിട്ടുകളയേണ്ടി വരുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പേടിക്കുന്നത്. ലോകകപ്പിനും കിവീസിനെതിരെയുമുള്ള പരമ്പരക്കുമുള്ള ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നടത്തുന്ന മികച്ച ബാറ്റിങ്ങാണ് ഇത്തരമൊരു ചിന്ത ആരാധകര്‍ക്കിടയില്‍ വളര്‍ത്തുന്നത്.
ഇഷാന്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് 76 റണ്‍സും ഇപ്പോള്‍ 28 റണ്‍സുമായും ഫോമിലേക്ക് തിരിച്ചെത്തി. ഈ ഫോം ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ തുടരുകയും സഞ്ജു ബാറ്റിങ്ങില്‍ തിളങ്ങാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ താരത്തിന്റെ നില പരുങ്ങലിലാവും. ശ്രേയസ് അയ്യര്‍ അവസരം കാത്ത് ടീമിലുണ്ട്.
ഇഷാൻ കിഷൻ. Photo: BCCI/x.com
കൂടാതെ തിലക് വര്‍മ പരിക്ക് മാറി ഉടന്‍ ടീമിലെത്തിയേക്കും. ഇങ്ങനെ അവസരത്തിനായി താരങ്ങള്‍ കാത്തിരിക്കുമ്പോള്‍, പ്രത്യേകിച്ച് ലോകകപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ ഒരിക്കല്‍ കൂടി സഞ്ജുവിന് അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. താരത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചാണ് ഒരുപറ്റം ആരാധകര്‍ കാര്യവട്ടത്തെ ഇന്ത്യയുടെ ഈ പരമ്പരയിലെ മത്സരത്തിനായി കാത്തിരിക്കുന്നത്.
വെറും 26 മണിക്കൂറുകള്‍ കൊണ്ടാണ് മത്സരത്തിന്റെ ടിക്കറ്റ് മുഴുവനും വിറ്റഴിക്കപ്പെട്ടത്. അത് സഞ്ജുവെന്ന ഒറ്റ ഫാക്ടറില്‍ നിന്നാണ് സംഭവിച്ചത്. അങ്ങനെ താരത്തിന്റെ മിന്നും ബാറ്റിങ് കൊതിച്ചെത്തുന്ന ആരാധകര്‍ക്ക് സഞ്ജു ബെഞ്ചിലിരിക്കുന്നത് കാണേണ്ടി വരുമോ എന്ന ഭയമുണ്ട്.
സഞ്ജു സാംസണ്‍. Photo: Team Samson/x.com
അതിലേറെ ആരാധകരെ ആശങ്കപ്പെടുത്തുന്നത് ലോകകപ്പിലെ സഞ്ജുവിന്റെ ഓപ്പണിങ് സ്‌പോട്ട് തന്നെയാണ്. ആ സ്ഥാനം ഇഷാന്‍ കിഷന് നല്‍കി സഞ്ജുവിന് കാഴ്ചക്കാരനാവേണ്ടി വരുമോ എന്ന ചോദ്യം ഉയരുകയാണ്. താരത്തിന്റെ സ്ഥാനം എന്താവുമെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. മലയാളികളുടെ പ്രിയ ചേട്ടന്‍ തന്നെ ഇന്ത്യക്കായി ലോകകപ്പ് വേദിയിലും ഓപ്പണ്‍ ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Content Highlight: Sanju Samson fails again; will it effect his opening spot?