| Saturday, 11th July 2026, 8:09 am

ഇംഗ്ലണ്ടിൽ ചരിത്രമെഴുതാൻ സഞ്ജു; മുന്നിലുള്ളത് സ്വപ്ന നേട്ടം

സുദേവ് എ

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ഇന്നാണ് നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം. പരമ്പരയിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ നേരത്തെ തന്നെ 3-0ത്തിന് ഇംഗ്ലണ്ട് പരമ്പര വിജയം ഉറപ്പാക്കിയിരുന്നു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യനെ കീഴിൽ ആദ്യ വിജയം ലക്ഷ്യമിട്ടായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. മറുഭാഗത്ത് അവസാന മത്സരം കൂടി വിജയിച്ചു കൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇംഗ്ലണ്ടിന്റെ മുന്നിലുള്ള ലക്ഷ്യം.

ഇന്ത്യ ഈ പരമ്പരയിലെ ആശ്വാസ വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണിന് പ്ലെയിങ് ഇലവനിൽ തിരിച്ചെത്താൻ സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ആദ്യ ടി-20ക്ക് ശേഷം സഞ്ജു സാംസണിനെ ഒഴിവാക്കി യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യക്കായി അരങ്ങേറിയിരുന്നു. ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്. ഇപ്പോൾ അവസാന പോരാട്ടത്തിൽ സഞ്ജുവിന് ടീമിൽ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

ഇംഗ്ലണ്ടിനെതിരെ അഞ്ചാം മത്സരത്തിൽ തിരിച്ചുവരവിനിറങ്ങുമ്പോൾ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. ടി -20യിൽ 9000 റൺസെന്ന നാഴികക്കല്ല് പിന്നിടാനുള്ള അവസരമാണ് മലയാളി താരത്തിന്റെ മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താൻ സഞ്ജുവിന് വേണ്ടത് 117 റൺസാണ്. നിലവിൽ ടി-20യിൽ 8883 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്.

അതേസമയം സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സഞ്ജുവിന് സാധിച്ചില്ല. 2026 ടി-20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയിൽ ഉൾപ്പെടുത്താതെ പോവുകയായിരുന്നു.

2026 ഐ.സി.സി ടി-20 വേൾഡ് കപ്പിൽ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന സഞ്ജു, നിർണായക ഘട്ടത്തിൽ ടീമിലെത്തിയപ്പോൾ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സഞ്ജുവിനെ ഈ പരമ്പരയിൽ ഉൾപ്പെടുത്താത്തതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.

Content Highlight: Sanju Samson eying on a new record in T20 cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more