| Sunday, 29th March 2026, 7:27 pm

മഞ്ഞ ജേഴ്‌സിയണിയൂ, ചെന്നൈക്കായി വിസില്‍ അടിക്കൂ; ആരാധകരോട് സഞ്ജു

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് അരങ്ങേറ്റത്തിന് മുന്നേ ആരാധകര്‍ക്ക് മലയാളത്തില്‍ സന്ദേശവുമായി സഞ്ജു സാംസണ്‍. സി.എസ്.കെ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ സന്ദേശം കൈമാറിയത്.

താന്‍ ചെന്നൈയിലെത്തിയിട്ടുണ്ടെന്നും മഞ്ഞ ജേഴ്‌സിയണിയാനും സി.എസ്.കെക്കായി വിസില്‍ അടിക്കാനുമാണ് സഞ്ജു ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രൗണ്ടില്‍ കാണാമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

‘എല്ലാവര്‍ക്കും നമസ്‌കാരം, പറഞ്ഞപോലെ ചെന്നൈയിലെത്തിയിരിക്കുകയാണ്. ചെന്നൈയില്‍ ഐ.പി.എല്‍ ഫീവര്‍ തുടങ്ങിയിരിക്കുകയാണ്.

എല്ലാവരും നേരത്തെ പറഞ്ഞത് പോലെ മഞ്ഞ അണിയുക. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി വിസില്‍ അടിക്കുക. അപ്പൊ ഗ്രൗണ്ടില്‍ കാണാം,’ സഞ്ജുവിന്റെ വാക്കുകള്‍.

‘ഇനി നമ്മള്‍ മഞ്ഞ’ എന്ന അടികുറിപ്പോടെയാണ് സി.എസ്.കെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകര്‍ ഇത് ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, നാളെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഐ.പി.എല്‍ 2026 ലെ ആദ്യ മത്സരത്തിന് ഇറങ്ങുക. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ആര്‍.ആറിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലാണ് ഈ മത്സരം അരങ്ങേറുക.

എം.എസ്. ധോണിയും സഞ്ജു സാംസണും.

മത്സരത്തില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പണറായാവും സഞ്ജു കളത്തിലെത്തുക. ഒപ്പം നാളത്തെ മത്സരത്തിലെ ചെന്നൈയുടെ കീപ്പറും താരം തന്നെയായിരിക്കും. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണി പരിക്കേറ്റതോടെയാണ് മലയാളി ബാറ്റര്‍ക്ക് ചെന്നൈയുടെ കീപ്പര്‍ സ്ഥാനം ലഭിക്കുന്നത്.

പേശി വലിവ് കാരണം ധോണിയ്ക്ക് ആദ്യ രണ്ടാഴ്ച നഷ്ടമാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ഇന്ന് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും ഏപ്രില്‍ അവസാന ആഴ്ചയോട് കൂടി മാത്രമേ തല ചെന്നൈക്കൊപ്പം ചേരുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ധോണി ടീമിനൊപ്പം ചേരുന്നത് വരെ സഞ്ജുവായിരിക്കും വിക്കറ്റ് കീപ്പിങ് ഗ്ലൗസ് അണിയുക.

Content Highlight: Sanju Samson delivers message to CSK fans before opening match in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more