| Friday, 23rd October 2026, 4:07 pm

ആറ് രാജ്യങ്ങളും കീഴടക്കി; അപൂർവ ചരിത്രം കുറിച്ച് സഞ്ജു സാംസൺ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ മത്സരത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഉയർത്തിയ 226 റൺസിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമൻ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തിൽ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.

മത്സരത്തിൽ സഞ്ജു സാംസൺ 33 പന്തിൽ നാല് സിക്‌സും എട്ട് ഫോറും അടക്കം 67 റൺസാണ് സ്വന്തമാക്കിയത്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സഞ്ജുവാണ്. ന്യൂസിലാൻഡിനെതിരെ കൂടി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് കൈപ്പിടിയിലാക്കിയതോടെ ടി-20യിൽ ആറ് വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ഈ നേട്ടം സ്വന്തമാക്കുന്ന അപൂർവ താരമായും സഞ്ജു മാറി.

ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, ഒമാൻ എന്നീ രാജ്യങ്ങൾക്കെതിരെയായിരുന്നു സഞ്ജുവിന്റെ നേട്ടം.

അതേസമയം മത്സരത്തിൽ സഞ്ജുവിന് പുറമെ 15 പന്തിൽ പുറത്താകാതെ 42 റൺസ് നേടി നമൻ ധിർ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് നമൻ നേടിയത്. 28 പന്തിൽ 42 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരിന്റെയും 14 പന്തിൽ 24 റൺസ് നേടിയ അക്സർ പട്ടേലിന്റെയും ഇന്നിങ്സുകളും നിർണായകമായി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികൾ സൂപ്പർ താരം ഗ്ലെൻ ഫിലിപ്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്തിൽ പുറത്താകാതെ 82 റൺസാണ് താരം സ്വന്തമാക്കിയത്. 205.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും ശ്രേയസ് അയ്യർക്കും സംഘത്തിനും സാധിച്ചു. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം അരങ്ങേറുന്നത്.

Content Highlight: Sanju Samson create a rare record in international T20 Cricket

Latest Stories

We use cookies to give you the best possible experience. Learn more