| Thursday, 17th September 2026, 11:18 am

സഞ്ജു കൊടുങ്കാറ്റ് വീശിയടിച്ചത് ഒമ്പത് രാജ്യങ്ങളിൽ; അപൂർവ താരമായി ചേട്ടൻ

സുദേവ് എ

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്നാണ് നടക്കുന്നത്. ദൽഹി അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയമാണ് വേദി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ശ്രേയസ് അയ്യരും സംഘവും കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ഇന്ത്യക്കെതിരെ ആശ്വാസ ജയം നേടി മടങ്ങാനാവും അഫ്ഗാന്റെ ലക്ഷ്യം.

മലയാളി സൂപ്പർതാരം സഞ്ജു സാംസൺ പഴയ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇന്ത്യയ്ക്ക് കരുത്ത് പകരുന്നത്. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ച്വറി നേടി തിളങ്ങിയ സഞ്ജു ഈ മത്സരത്തിലും മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിൽ പതുക്കെ തുടങ്ങി പിന്നീട് അതിവേഗം അർധ സെഞ്ച്വറി പൂർത്തിയാക്കിയാണ് സഞ്ജു തിരിച്ചുവരവ് നടത്തിയത്.

അന്താരാഷ്ട്ര ടി20യിൽ തന്റെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറിയാണ് സഞ്ജു മത്സരത്തിൽ അടിച്ചെടുത്തത്. 20 പന്തിലാണ് സഞ്ജു അഫ്ഗാനെതിരെ 50 കടന്നത്.

ഇന്റർനാഷണൽ ടി-20യിൽ ഒമ്പത് വ്യത്യസ്ത ടീമുകൾക്കെതിരെ 50+ റൺസ് നേടുന്ന താരമെന്ന അപൂർവ നേട്ടം കൈവരിച്ചാണ് സഞ്ജു അവസാന മത്സരത്തിനിറങ്ങുന്നത്.

ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, അയർലൻഡ്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ, ഒമാൻ, സിംബാബ്‌വേ എന്നീ വ്യത്യസ്ത എതിരാളികൾക്കെതിരെയാണ് മലയാളി താരം 50+ കടന്നത്. വ്യത്യസ്ത രാജ്യങ്ങളിലെ പിച്ചുകളിലെ സാഹചര്യങ്ങളിൽ ബാറ്റ് ചെയ്ത് സഞ്ജു സ്വന്തമാക്കിയ നേട്ടം താരത്തിന്റെ കരിയറിലെ എടുത്തുപറയേണ്ട നാഴികക്കല്ലുകളിൽ ഒന്നാണ്.

അതേസമയം രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

Content Highlight: Sanju Samson create a rare record in international T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more