വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരയിലെ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചു. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരം മഴമൂലം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു.
എന്നാൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്സ് 7.4 ഓവർ പിന്നിടുമ്പോൾ മഴ വീണ്ടും വില്ലനായി എത്തിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയാവുകയും ചെയ്തു.
മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ഏഴ് പന്തിൽ നിന്നും 16 റൺസ് നേടിയാണ് മടങ്ങിയത്. രണ്ട് ഫോറുകളും ഒരു സിക്സും നേടി മിന്നും ഫോമിൽ തുടരവെയാണ് ഷമർ സ്പ്രിങ്ങറിന്റെ പന്തിൽ ക്ലീൻ ബൗഡായി മലയാളി താരം പുറത്തായത്.
മത്സരത്തിൽ ഒരു പുതിയ മൈൽസ്റ്റോണും സ്വന്തമാക്കിയാണ് സഞ്ജു മടങ്ങിയത്. അന്താരാഷ്ട്രയിൽ 150 ഫോറുകൾ പൂർത്തിയാക്കിയാണ് സഞ്ജു കളംവിട്ടത്. രോഹിത് ശർമ, വിരാട് കോഹ്ലി, ശിഖർ ധവാൻ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഹർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.
അതേസമയം അഭിഷേക് ശർമയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആദ്യ ഓവറിനെത്തിയ കീമോ പോളിന്റെ അഞ്ചാം പന്തിൽ ബിഗ് ഹിറ്റിന് ശ്രമിച്ച താരം ഷമർ ജോസഫിന്റെ കയ്യിൽ കുരുങ്ങുകയായിരുന്നു. നാല് പന്തിൽ ആറ് റൺസ് ആണ് താരം നേടിയത്.
പിന്നീട് ഇന്ത്യക്ക് മികച്ച പ്രകടനം നടത്തിയത് ഇഷാൻ കിഷനാണ്. 10 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 30 റൺസാണ് താരം അടിച്ചു കൂട്ടിയത്. 300 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 22 റൺസ് നേടി മടങ്ങിയപ്പോൾ തിലക് വർമ ഏഴ് റൺസിലും പുറത്തായി.
നമൻ ധിർ ആറ് പന്തിൽ മൂന്ന് സിക്സറും ഒരു ഫോറും ഉൾപ്പെടെ 24 റൺസാണ് നേടിയത്. 400.00 സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.
വിൻഡീസിന് വേണ്ടി കീമോ പോളും ഷമർ സ്പ്രിങ്ങറും രണ്ട് വിക്കറ്റുകൾ വീതം നേടി. ഷമർ ജോസഫ് ഒരു വിക്കറ്റും കൈക്കലാക്കി.
Content Highlight: Sanju Samson create a new milestone in International T20