ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആവേശം നിറഞ്ഞ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സഞ്ജു സാംസണിന്റെയും അകീല്‍ ഹൊസൈനിന്റെയും കരുത്തിലാണ് ചെന്നൈയുടെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 104 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ചെന്നൈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി. വിജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു.
മത്സരത്തില്‍ 54 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ കരിയറിലെ തന്റെ അഞ്ചാം സെഞ്ച്വറിയും ഈ സീസണിലെ രണ്ടാം സെഞ്ച്വറിയുമാണ് സഞ്ജു അടിച്ചെടുത്തത്.
സഞ്ജു സാംസൺ. Photo: IndianPremierLeague/x.com
ഈ സെഞ്ച്വറിക്ക് പിന്നാലെ ടി-20യില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായും സഞ്ജു മാറി. വിക്കറ്റ് കീപ്പറായി സഞ്ജു നേടുന്ന ആറാം സെഞ്ച്വറിയാണിത്. വിക്കറ്റ് കീപ്പറായി കളിച്ച 235 ടി-20 മത്സരങ്ങളില്‍ നിന്നാണ് മലയാളി താരം ആറ് സെഞ്ച്വറികള്‍ അടിച്ചെടുത്തത്. അഞ്ച് സെഞ്ച്വറികള്‍ നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷനെ മറികടന്നാണ് സഞ്ജു ഒന്നാം സ്ഥാനത്തെത്തിയത്.
ടി-20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍, സെഞ്ച്വറികളുടെ എണ്ണം
സഞ്ജു സാംസണ്‍-6
ഇഷാന്‍ കിഷന്‍-5
റിഷബ് പന്ത്-3
ഉര്‍വില്‍ പട്ടേല്‍-3
കെ.എല്‍. രാഹുല്‍-2
വൃദ്ധിമാന്‍ സാഹ-2
അതേസമയം മത്സരത്തില്‍ ഇംപാക്ട് പ്ലെയറായെത്തി ഒരു മെയ്ഡന്‍ അടക്കം 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അകീല്‍ ഹൊസൈനാണ് മുംബൈയെ തകര്‍ത്തത്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗധരി, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍ ഗുര്‍ജാപ്നീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ബാറ്റിങ്ങില്‍ മുംബൈക്ക് വേണ്ടി കുറച്ചെങ്കിലും പിടിച്ചുനിന്നത് 36 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 37 റണ്‍സ് നേടിയ തിലക് വര്‍മയുമായിരുന്നു.
ഏപ്രില്‍ 26ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം.
Content Highlight: Sanju Samson Create a historical record in t20 cricket