| Wednesday, 16th September 2026, 9:07 am

ഇന്ത്യക്കാരില്‍ ഒന്നാമന്‍; ടി-20യിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു

സുദേവ് എ

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി20 പരമ്പര ഇന്ത്യ കൈപ്പിടിയിലാക്കിയിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റുകള്‍ക്ക് അഫ്ഗാനെ തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍താരം സഞ്ജു സാംസണാണ്. 22 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 259.09 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. ടി20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോറര്‍ ആവുന്ന വിക്കറ്റ് കീപ്പറായാണ് സഞ്ജു മാറിയത്. ഇത് എട്ടാം തവണയാണ് സഞ്ജു ടോപ് സ്‌കോറര്‍ ആവുന്നത്.

ഏഴ് തവണ ഈ നേട്ടം കൈവരിച്ച ഇഷാന്‍ കിഷനെ മറികടന്നാണ് സഞ്ജു ഒന്നാമനായത്. എം.എസ് ധോണി(5), റിഷബ് പന്ത്(4), റോബിന്‍ ഉത്തപ്പ(2), കെ.എല്‍ രാഹുല്‍(2), ദിനേശ് കാര്‍ത്തിക്(1) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍.

മത്സരത്തില്‍ സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മ 19 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇഷാന്‍ കിഷന്‍ 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 38 റണ്‍സും നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ അയ്യര്‍ 11 റണ്‍സിന് പുറത്തായപ്പോള്‍ തിലക് 15 റണ്‍സ് നേടി.

അഫ്ഗാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണറും ക്യാപ്റ്റനുമായ ഇബ്രാഹിം സദ്രാനാണ്. ആറ് ഫോര്‍ ഉള്‍പ്പെടെ 33 പന്തില്‍ 37 റണ്‍സ് നേടിയാണ് താരം നേടിയത്.

അവസാന ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്തിയത് റാഷിദ് ഖാനാണ്. 16 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. 15 പന്തില്‍ 26 റണ്‍സ് നേടിയ ഡാര്‍വിഷ് റസൂലിയും മികവ് പുലര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Sanju Samson create a historical record in T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more