| Wednesday, 11th March 2026, 2:18 pm

'ലോകകപ്പില്‍ സഞ്ജുവിന് സെഞ്ച്വറി, 115ന് നോട്ട് ഔട്ട്'

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ആവേശം നിറഞ്ഞ കലാശക്കൊട്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

സഞ്ജു

സെമി ഫൈനലടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു. ഇതിനെല്ലാം പുറമെ സഞ്ജു ഒരു കിടിലന്‍ മൈല്‍ സ്റ്റോണ്‍ പിന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ 100 ഫോര്‍ സ്വന്തമാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 115 ഫോറുകളാണ് സഞ്ജു കുട്ടി ക്രിക്കറ്റില്‍ അടിച്ചെടുത്തത്.

നിലവില്‍ ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 54 ഇന്നിങ്‌സില്‍ നിന്ന് 1399 റണ്‍സാണ് സഞ്ജു അടിച്ചിട്ടത്. 115 ഫോറുകള്‍ക്ക് പുറമെ 84 സിക്‌സും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. ഫോര്‍മാറ്റില്‍ 28.55 എന്ന ആവറേജും 156.83 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറടക്കം മൂന്ന് സെഞ്ച്വറികളാണ് സഞ്ജു നേടിയത്. ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

അതേസമയം ലോകകപ്പിലെ ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

Content Highlight: Sanju Samson Complete 100 Fours In International T20 Cricket
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more